Type Here to Get Search Results !

Bottom Ad

ഔഫിനെ ഡിവൈഎഫ്‌ഐ ആക്കിയതിലും ചുവപ്പുകൊടി പുതപ്പിച്ചതിലും എതിര്‍പ്പ്: ഇത് മാപ്പില്ലാത്ത പാതകമെന്ന് എസ്.വൈഎസ് നേതാവ്


കാസര്‍കോട് (www.evisionnews.co): കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് കൊല്ലപ്പെട്ട സുന്നി പ്രവര്‍ത്തകന്‍ ഔഫിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായി ചിത്രീകരിക്കുകയും ചുവപ്പ്ുകൊടി പുതപ്പിക്കുകയും ചെയ്തതിനെ എതിര്‍ത്ത് എസ്.വൈ.എസ് നേതാവ് മുഹമ്മദലി കിനാലൂര്‍. ഡി.വൈ.എഫ്.ഐ നടപടി അതിക്രമവും മാപ്പില്ലാത്ത പാതകവുമാണെന്ന് മുഹമ്മദലി കിനാലൂര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മയ്യിത്തുകള്‍ക്ക് മെമ്പര്‍ഷിപ് നല്‍കുന്ന ലോകത്തിലെ ആദ്യത്തെ പാര്‍ട്ടി എന്ന 'ബഹുമതി' ഡി.വൈ.എഫ്.ഐ.ക്കും സി.പി.എമ്മിനുമിരിക്കട്ടെ എന്നും കിനാലൂര്‍ വിമര്‍ശിക്കുന്നുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം.

'പറയാതിരുന്നാല്‍ അനീതിയാകും, ആ മയ്യിത്തിനോടും ഔഫിനെ സ്‌നേഹിക്കുന്നവരോടുമുള്ള അനീതി. മരിച്ചവര്‍ക്കും അവകാശമുണ്ട്. അത് വകവെച്ചു കൊടുക്കേണ്ടത് ജീവിച്ചിരിക്കുന്നവരാണ്. കാസര്‍ഗോഡ് കൊല്ലപ്പെട്ട സുന്നി പ്രവര്‍ത്തകന്‍, അതേ, സുന്നി പ്രവര്‍ത്തകന്‍ മാത്രമായ ഔഫിന് മരണാനന്തരമുള്ള അവകാശങ്ങളില്‍ ചിലത് നിഷേധിക്കപ്പെട്ടു. നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍ക്ക് നടുവില്‍ ചുവപ്പ് കൊടി നെഞ്ചിലേറ്റു വാങ്ങി കിടക്കേണ്ടവനായിരുന്നില്ല ഔഫ്. അവന്‍ സുന്നി പ്രവര്‍ത്തകന്‍ മാത്രമായിരുന്നു.

ചോരച്ചാലുകള്‍ നീന്തിക്കടന്ന പ്രസ്ഥാനത്തിലെ കണ്ണി ആയിരുന്നില്ല, സഹനസമരത്തിന്റെ ഉജ്ജ്വലമായ പാരമ്പര്യമുള്ള സുന്നി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകന്‍ ആയിരുന്നു. അവനെ മരണാനന്തരം സിപിഎം ആക്കിയ ബുദ്ധി ഏത് പാര്‍ട്ടി നേതാവിന്റേതാണ് എന്നറിയില്ല. മയ്യിത്തുകള്‍ക്ക് മെമ്പര്‍ഷിപ് നല്‍കുന്ന ലോകത്തിലെ ആദ്യത്തെ പാര്‍ട്ടി എന്ന 'ബഹുമതി' ഡിവൈഎഫ്‌ഐക്കും സി പി എമ്മിനുമിരിക്കട്ടെ.

സഖാക്കളേ, 'ഞങ്ങള്‍'ക്കൊപ്പമുണ്ട് എന്ന് നിങ്ങള്‍ പ്രഖ്യാപിക്കേണ്ടത് ഇങ്ങനെയല്ല. ഇത് അതിക്രമമാണ്. മയ്യത്തിനോട് കാട്ടിയ അതിക്രമം. മാപ്പില്ലാത്ത പാതകം. മരിച്ചവര്‍ക്കും അവകാശമുണ്ട്, അതുപക്ഷെ മരണാനന്തരം പാര്‍ട്ടി അംഗത്വം നല്‍കലോ പാര്‍ട്ടി പതാക പുതപ്പിക്കലോ അല്ല.

സഖാക്കളേ,കൊല്ലപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കാനുള്ള നിങ്ങളുടെ സന്നദ്ധതയെ അഭിവാദ്യം ചെയ്യുന്നു. കൊലയാളി ലീഗിനെതിരായ നിങ്ങളുടെ അമര്‍ഷത്തെ അംഗീകരിക്കുന്നു. കൊല്ലപ്പെട്ട സുന്നിപ്രവര്‍ത്തകന്‍ ഔഫിനോട് നിങ്ങള്‍ കാണിച്ച നെറികേടിനെ (ക്ഷമിക്കുക, ആ വാക്ക് ഉപയോഗിക്കേണ്ടിവന്നതില്‍) ശക്തമായി അപലപിക്കുകയും ചെയ്യുന്നു. ദയവായി പാര്‍ട്ടി രക്തസാക്ഷികളുടെ പട്ടികയില്‍ പേര് ചേര്‍ത്ത് ഔഫിനെ ഇനിയും ഇനിയും അപമാനിക്കരുത്. ഇതൊരപേക്ഷയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad