Type Here to Get Search Results !

Bottom Ad

വിവാഹ വീടുകളില്‍ സ്വര്‍ണം തട്ടിയെടുക്കുന്നത് പതിവാക്കിയ യുവതി പോലീസ് പിടിയില്‍


മംഗളൂരു (www.evisionnews.co): വിവാഹ ചടങ്ങുകള്‍ക്കെത്തുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കഴുത്തില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നത് പതിവാക്കിയ യുവതി ഒടുവില്‍ പൊലീസ് പിടിയിലായി. മുഡിപ്പു സ്വദേശിനിയായ ഫാത്തിമയെയാണ് ബണ്ട്വാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്ത്രീ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഹാളുകളില്‍ ഉണ്ടായിരുന്ന സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. വിവാഹ ഹാളുകളുടെ ഉടമകള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും ഫാത്തിമയാണെന്ന് തിരിച്ചറിയുകയുമായിരുന്നു.


ഇക്കഴിഞ്ഞ വ്യാഴാഴ്ച പനമംഗലൂരിലെ എസ്.എസ് ഓഡിറ്റോറിയത്തില്‍ വിവാഹചടങ്ങ് നടക്കുന്നതിനിടെ ഒരു കുട്ടിയുടെ കഴുത്തില്‍ നിന്ന് ഫാത്തിമ സ്വര്‍ണമാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചിരുന്നു. കുഞ്ഞ് കരഞ്ഞ് ബഹളം വെച്ചതോടെ മോഷണശ്രമം പരാജയപ്പെടുകയാണുണ്ടായത്. ഫാത്തിമ ഉടന്‍ തന്നെ അവിടെ നിന്ന് സ്ഥലംവിട്ടെങ്കിലും ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി ഫാത്തിമയെ കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. നവംബര്‍ 29ന് എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ 14 ഗ്രാമിന്റെ സ്വര്‍ണാഭരണം മോഷണം പോയതുസംബന്ധിച്ചും ബണ്ട്വാള്‍ പൊലീസ് കേസെടുത്തിരുന്നു. ഈ മോഷണത്തിന് പിന്നിലും ഫാത്തിമയാണെന്ന് വ്യക്തമായി. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കഴിഞ്ഞ 10 വര്‍ഷമായി താന്‍ ഇത്തരത്തില്‍ ആഭരണങ്ങള്‍ കവര്‍ന്നിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചു.


മൂന്നു തവണ മുമ്പ് എസ്.എസ് മഹല്‍ വിവാഹ ഹാളില്‍ കവര്‍ച്ച നടത്തിയതായും യുവതി വെളിപ്പെടുത്തി. ഇതിന് പുറമെ തലപ്പാടി, തൊക്കോട്ട് എന്നിവിടങ്ങളിലെ വിവാഹഹാളുകളിലടക്കം നിരവധി സ്ഥലങ്ങളില്‍ നിന്ന് സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചതായും യുവതി മൊഴി നല്‍കി. 34 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ പോലീസ് ഫാത്തിമയില്‍ നിന്നും പിടികൂടി. ജ്വല്ലറികളില്‍ ആഭരണങ്ങള്‍ വിറ്റതായും ബാക്കിയുള്ളവ ഉരുക്കിയെന്നും ഇത് ബാങ്കില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഫാത്തിമ പറഞ്ഞു. ഫാത്തിമയെ കോടതി റിമാണ്ട് ചെയ്തു.


Post a Comment

0 Comments

Top Post Ad

Below Post Ad