Type Here to Get Search Results !

Bottom Ad

അതിര്‍ത്തി മേഖലകളില്‍ സ്വര്‍ണാഭരണങ്ങളും ബൈക്കുകളും കവര്‍ച്ച ചെയ്യുന്ന സംഘം പിടിയില്‍


മംഗളൂരു (www.evisionnews.co): കാസര്‍കോട്ടെ അതിര്‍ത്തിമേഖലകള്‍ കേന്ദ്രീകരിച്ച് ബൈക്കുകളും സ്വര്‍ണാഭരണങ്ങളും കവര്‍ച്ച ചെയ്യുന്നത് പതിവാക്കിയ നാലംഗസംഘത്തെ മംഗളൂരു ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് മോഷ്ടിച്ച നാല് മോട്ടോര്‍ ബൈക്കുകളും സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണുകളും പൊലീസ് കണ്ടെടുത്തു. മംഗളൂരു ചമ്പുഗുദ്ദെയിലെ ഹബീബ് ഹസന്‍ എന്ന അബ്ബി (39), അബ്ദുല്‍ മുനാഫ് (21), ബണ്ട്വാള്‍ സ്വദേശി മുഹമ്മദ് തൗസിഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടാളികളായ ഉഡുപ്പിയിലെ മുന്ന അടക്കമുള്ളവരെക്കുറിച്ചും ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചു. 
 
ഡിസംബര്‍ 9ന് മുല്‍ക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാദുപനമ്പൂരിലും ഡിസംബര്‍ 18ന് സൂറത്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലും സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത് ഇവരാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മോഷ്ടിച്ച 2.25 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണതാലിമാലകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. മോഷ്ടിച്ച ബൈക്കുകള്‍ ഉപയോഗിച്ച് പല ഭാഗങ്ങളിലും ചുറ്റിക്കറങ്ങി സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്നതാണ് സംഘത്തിന്റെ രീതിയെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. 
 
കാസര്‍കോട്ടെ അതിര്‍ത്തി മേഖലകളിലും ഈ സംഘം കവര്‍ച്ച നടത്താറുണ്ട്. ബാര്‍ക്കെ, മൂഡുബിദ്രി, സൂറത്കല്‍, ഉള്ളാള്‍, കോനാജെ, ബജ്‌പെ, വിട്ടല്‍, ബണ്ട്വാള്‍ പൊലീസ് സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അബ്ദുല്‍ മുനാഫിനെതിരെ കൊലപാതകം, കലാപം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഉള്ളാള്‍, ബാര്‍ക്ക്, കങ്കനാടി, ഉര്‍വ പൊലീസ് സ്റ്റേഷനുകളില്‍ പത്തോളം കേസുകളുണ്ട്. തൗസീഫിനെതിരെ മംഗളൂരു നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമത്തിനും മംഗളൂരു ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ മറ്റൊരു കുറ്റകൃത്യത്തിനും കേസെടുത്തിട്ടുണ്ട്. കന്നുകാലിമോഷണവും സംഘം നടത്താറുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മംഗളൂരു പൊലീസ് കമ്മീഷണര്‍ വികാസ് കുമാറിന്റെ നിര്‍ദേശപ്രകാരം ഡി.സി.പിമാരായ ഹരിറാം ശങ്കര്‍, വിനയ് എന്നിവരുടെ നിര്‍ദേശപ്രകാരമാണ് കവര്‍ച്ചാസംഘത്തെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad