Type Here to Get Search Results !

Bottom Ad

സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റുകള്‍ നഷ്ടമാവും കാസര്‍കോട്ടും മഞ്ചേശ്വരത്തും പുതുമുഖങ്ങള്‍


കാസര്‍കോട് (www.evisionnews.co): നിയമസഭ തെരഞ്ഞെടുപ്പില്‍ എട്ടു സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റുകള്‍ നഷ്ടമാവും. കാസര്‍കോട്ടും മഞ്ചേശ്വരത്തും പുതുമുഖങ്ങള്‍ മത്സരിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എടുത്ത തീരുമാനം ജനം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു എന്നാണ് വിലയിരുത്തല്‍. 70 ശതമാനം പുതുമുഖങ്ങളെയാണ് മുസ്ലിം ലീഗ് തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചത്. ഇതില്‍ പലയിടത്തും വിമത സ്വരം ഉയര്‍ന്നെങ്കിലും എല്ലാം പരിഹരിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും നിരവധി പുതുമുഖങ്ങളെ ലീഗ് കളത്തിലിറക്കും. ഇതിന്റെ ഭാഗമായി എട്ട് സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് നഷ്ടമാകും.

 
തിരൂരങ്ങാടി എംഎല്‍എയും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ പികെ അബ്ദുറബ്ബിന് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കില്ലെന്നാണ് സൂചന. ഇദ്ദേഹം ഒന്നിലധികം തവണ നിയമസഭയിലേക്ക് മല്‍സരിക്കുകയും ജയിക്കുകയും ചെയ്ത വ്യക്തിയാണ്. തിരൂര്‍ എംഎല്‍എ സി മമ്മൂട്ടിക്കും ഇനി സീറ്റ് ലഭിക്കില്ലെന്നാണ് വിവരം.
വേങ്ങര എംഎല്‍എ കെഎന്‍എ ഖാദറിനെ മാറ്റി നിര്‍ത്തിയേക്കും. കുഞ്ഞാലിക്കുട്ടിക്ക് പകരം വേങ്ങര മണ്ഡലത്തില്‍ എത്തിയ നേതാവാണ് ഇദ്ദേഹം. അന്ന് മറ്റൊരാളെ മല്‍സരിപ്പിക്കാന്‍ ലീഗ് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് നടന്ന ഇടപെടലുകളും ചര്‍ച്ചകളുമാണ് കെഎന്‍എ ഖാദറിനെ മല്‍സരിപ്പിക്കുന്നതിലേക്ക് എത്തിച്ചത്. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി വീണ്ടും മല്‍സരിക്കാനെത്തുകയാണ്.


മലപ്പുറം എംഎല്‍എ പി ഉബൈദുള്ളക്ക് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കില്ലെന്നാണ് വിവരം. റെക്കോഡ് ഭൂരിപക്ഷത്തില്‍ 2016ല്‍ ജയിച്ചുകയറിയ മുസ്ലിം ലീഗ് അംഗമായിരുന്നു ഉബൈദുള്ള. മലപ്പുറത്ത് കെപിഎ മജീദ് മല്‍സരിക്കുമെന്ന സൂചനയാണ് നേതാക്കള്‍ നല്‍കുന്നത്. മങ്കടയില്‍ നിന്നുള്ള അഹമ്മദ് കബീര്‍, മഞ്ചേരിയിലെ എം ഉമ്മര്‍ എന്നിവര്‍ക്കും സീറ്റ് ലഭിക്കാനിടയില്ല.


യൂത്ത് ലീഗില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെല്ലാം മല്‍സരിക്കും. യൂത്ത് ലീഗില്‍ നിന്ന് ഇത്തവണ കൂടുതല്‍ പേര്‍ക്ക് അവസരമുണ്ടാകും.യൂത്ത് ലീഗിൽ നിന്ന് ഫിറോസ്, എം എ സമദ്, നജീബ് കാന്തപുരം സ്ഥനാർത്ഥികളായേക്കും. എന്നാല്‍ എട്ട് സിറ്റിങ് എംഎല്‍എമാരെ മാറ്റിനിര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ മുസ്ലിം ലീഗിന്റെ ശുഭാപ്തി വിശ്വാസമാണ് പ്രകടമാകുന്നത്. മാറ്റി നിര്‍ത്തുന്നവരില്‍ നിന്ന് പ്രതിഷേധം ഉയരാനുള്ള സാധ്യതയും നേതൃത്വം മുന്‍കൂട്ടി കാണുന്നുണ്ട്.


Post a Comment

0 Comments

Top Post Ad

Below Post Ad