Type Here to Get Search Results !

Bottom Ad

കവയിത്രിയും സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി അന്തരിച്ചു


കേരളം (www.evisionnews.co): കവിയിത്രിയും സാമൂഹിക പരിസ്ഥതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി അന്തരിച്ചു. കോവിഡ് ബാധിതയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 86 വയസായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. ഇവിടെ എത്തുമ്പോള്‍ ന്യുമോണിയയുടെ ഭാഗമായ ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.

കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സജീവ സാന്നിധ്യമായിരുന്നു സുഗതകുമാരി. സൈലന്റ് വാലി പ്രക്ഷോഭം മുതല്‍ എറ്റവും ഒടുവില്‍ സൈബര്‍ ഇടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ വരെ സുഗതകുമാരി ശക്തമായി ശബ്ദമുയര്‍ത്തി.

സാഹിത്യത്തിനും സാമൂഹികസേവനത്തിനുമായി നിരവധി അംഗീകാരങ്ങള്‍ നേടി. 2006 ല്‍ പത്മശ്രീയും 2009 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരവും 2013 ല്‍ സരസ്വതി സമ്മാനും ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, ബാലാമണിയമ്മ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ആശാന്‍ പ്രൈസ്, പി.കേശവദേവ് പുരസ്‌കാരം, കെ.ആര്‍. ചുമ്മാര്‍ അവാര്‍ഡ്, ഒഎന്‍വി സാഹിത്യ പുരസ്‌കാരം, ജ്ഞാനപ്പാന പുരസ്‌കാരം, ജവഹര്‍ലാല്‍ നെഹ്‌റു പുരസ്‌കാരം, ആര്‍ച്ച് ബിഷപ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്, പനമ്പിള്ളി പ്രതിഭാ പുരസ്‌കാരം,പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം, ലൈബ്രറി കൗണ്‍സില്‍ പുരസ്‌കാരം, തോപ്പില്‍ഭാസി പുരസ്‌കാരം, സ്ത്രീശക്തി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ആദ്യത്തെ 'വൃക്ഷമിത്ര' അവാര്‍ഡ് സുഗതകുമാരിക്കായിരുന്നു,

Post a Comment

0 Comments

Top Post Ad

Below Post Ad