Type Here to Get Search Results !

Bottom Ad

ഭെല്‍ ഇഎംഎല്‍: അനിശ്ചിതകാല സമരം ജനുവരി ഏഴിന് തുടങ്ങും


കാസര്‍കോട് (www.evisionnews.co): അടഞ്ഞുകിടക്കുന്ന ഭെല്‍ ഇഎംഎല്‍ കമ്പനി തുറന്ന് പ്രവര്‍ത്തിക്കണമെന്നും കമ്പനി കൈമാറ്റം പൂര്‍ത്തിയാക്കണമെന്നും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്നും ആവശ്യപ്പെട്ട് 2021 ജനുവരി ഏഴ് മുതല്‍ കാസര്‍കോട് ടൗണില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുവാന്‍ തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി ശമ്പളം നല്‍കാത്ത സ്ഥാപനം മാര്‍ച്ച് 20 മുതല്‍ അടഞ്ഞ് കിടക്കുകയാണ്.

സംയുക്ത സംരംഭത്തിലെ ഭെല്ലിന്റെ ഓഹരികള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു എങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ അനുമതി ലഭിക്കാത്തതിനാല്‍ കൈമാറ്റം നടന്നിട്ടില്ല. കോടതി വിധികള്‍ പോലും നടപ്പിലാക്കാന്‍ തയ്യാറാവാത്ത കേന്ദ്ര സര്‍ക്കാരും ഭെല്‍ അധികൃതരും ജില്ലയുടെ അഭിമാനമായ പൊതുമേഖലാ വ്യവസായ സ്ഥാപനത്തേയും ജീവനക്കാരെയും സംരക്ഷിക്കാന്‍ മുന്നോട്ട് വരാത്ത സാഹചര്യത്തില്‍ ജില്ലയിലെ രാഷ്ട്രീയ- യുവജന- സര്‍വീസ് സംഘടനകളുടെ കൂടി പിന്തുണയോടെ പ്രക്ഷോഭം ശക്തമാക്കാനും യോഗം തീരുമാനിച്ചു.


ചെയര്‍മാന്‍ ടി.കെ.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.പി.മുഹമ്മദ് അഷ്‌റഫ് ഭാവി പരിപാടികള്‍ വിശദീകരിച്ചു. എ. വാസുദേവന്‍, വി രത്‌നാകരന്‍, ടി.വി.ബേബി, ബി.എസ്.അബ്ദുല്ല, വി.പവിത്രന്‍, യു. വേലായുധന്‍, അനില്‍ പണിക്കന്‍ പ്രസംഗിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad