Type Here to Get Search Results !

Bottom Ad

ചെമ്പരിക്ക ഖാസിയുടെ മരണം ആത്മഹത്യയെന്ന വാദംതള്ളി സൈക്കോളജിക്കല്‍ ഓട്ടോപ്സി റിപ്പോര്‍ട്ട്: സി.ബി.ഐ അന്വേഷണം പ്രഹസനമാണെന്ന് ബന്ധുക്കള്‍


കാസര്‍കോട് (www.evisionnews.co): സമസ്ത കേരളം ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷനും കാസര്‍കോട് ചെമ്പരിക്ക ഖാസിയുമായിരുന്ന ചെമ്പരിക്ക ഖാസി അബ്ദുള്ള മൗലവിയുടെ ദുരൂഹമരണത്തില്‍ സി.ബി.ഐ അന്വേഷണം പ്രഹസനമാകുകയാണെന്ന ആരോപണവുമായി കുടുംബം. അദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് നല്‍കിയ സി.ബി.ഐ ആത്മഹത്യയല്ലെന്ന സൈക്കോളജിക്കല്‍ ഓട്ടോപ്സി റിപ്പോര്‍ട്ട് വന്നതോടെ കുടുങ്ങിയിരിക്കുകയാണെന്നും കുടുംബം ആരോപിച്ചു.

മരിച്ചയാളുമായി അടുത്ത പരിചയമുള്ളവരുമായി സംസാരിച്ച് മരിച്ചയാളുടെ മനോനില മനസിലാക്കുന്ന രീതിയാണ് സൈക്കോളജിക്കല്‍ ഓട്ടോപ്സി. കോടതി നിര്‍ദേശ പ്രകാരമാണ് അബ്ദുള്ള മൗലവിയുടെ മരണത്തില്‍ സൈക്കോളജിക്കല്‍ ഓട്ടോപ്സി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കേസന്വേഷിച്ച സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയില്‍ രണ്ട് തവണയും മൗലവിയുടെ മരണം ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് തള്ളിയ കോടതി പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ആദ്യഘട്ടത്തില്‍ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. പിന്നീട് സി.ബി.ഐ കേസ് ഏറ്റെടുക്കുകയായിരുന്നു.

2010 ഫെബ്രുവരി അഞ്ചിനാണ് സി.എം. അബ്ദുള്ള മൗലവിയെ ചെമ്പരിക്ക കടുക്കക്കല്ല് കടപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൗലവിയുടെ മൃതദേഹത്തിലോ താമസിച്ചിരുന്ന വീട്ടിലോ ആക്രമണം നടന്നതിന്റെ ഒരു ലക്ഷണവുമില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍, വിദഗ്ദരുടെ നിരീക്ഷണങ്ങള്‍ തുടങ്ങിയവ മുന്‍നിര്‍ത്തി പരിശോധിക്കുമ്പോള്‍ കൊലപാതകത്തിനോ ആത്മഹത്യക്കോ ഉള്ള തെളിവുകള്‍ ലഭിക്കുന്നില്ലെന്ന് സി.ബി.ഐ പറഞ്ഞിരുന്നു. മതനിഷ്ഠയില്‍ ജീവിക്കുന്ന മൗലവി ആത്മഹത്യ ചെയ്യില്ലെന്ന ഹരജിയിലെ വാദം കണക്കിലെടുത്താണ് കോടതി പല തവണ തുടരന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്. 

Post a Comment

0 Comments

Top Post Ad

Below Post Ad