Type Here to Get Search Results !

Bottom Ad

പരിമിതിയെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് ജെഎന്‍യുവില്‍ റാങ്കോടെ പ്രവേശനത്തിനര്‍ഹത നേടി പള്ളിക്കര സ്വദേശി


കാസര്‍കോട് (www.evisionnews.co): പരിമിതിയെ ആത്മവിശ്വാസം കൊണ്ട് മറികടന്ന് ജെഎന്‍യുവില്‍ രണ്ടാം റാങ്കോടെ പ്രവേശനത്തിനര്‍ഹത നേടി പള്ളിക്കര പള്ളിപ്പുഴയിലെ മുഹമ്മദ് ഷുഹൈബ്. സെറിബ്രല്‍ പള്‍സി എന്ന രോഗത്തിന്റെ ദുരനുഭവങ്ങളോട് പൊരുതിയാണ് ചെറുതിലേ പൂവിട്ട സ്വപ്നവുമായി ഈ മിടുക്കന്‍ വിജയപാത പിന്നിട്ടത്. 

പള്ളിപ്പുഴയിലെ അബ്ദുല്‍ ഗഫൂറിന്റെയും സഫൂറയുടെയും മകനാണ് മുഹമ്മദ് ഷുഹൈബ്. ചട്ടഞ്ചാല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ജെഎന്‍യുവില്‍ ഉപരിപഠനത്തിന് ചേരണമെന്ന മോഹമുദിക്കുന്നത്. കാലിനും കയ്യിനും സ്വാധീനം കുറഞ്ഞ ഷുഹൈബിന് പുറത്തെ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം ലഭിക്കുക എന്നത് സ്വപ്നത്തിനപ്പുറമായിരുന്നില്ല. ഒരുനാള്‍ സ്വപ്നം പൂവണിയുമെന്ന് മനസില്‍ ആണയിട്ട ഷുഹൈബ് എതിരെ വരുന്ന ചിന്തകളെയും അഭിപ്രായങ്ങളെയും തല്ലിത്തോല്‍പ്പിക്കുകയായിരുന്നു. ഒടുവില്‍ രണ്ടാം റാങ്കോടെ ബിഎ സ്പാനിഷ് ലാംഗ്വേജില്‍ അഡ്മിഷന്‍ നേടിയതോടെ വിധിയോടു തോറ്റുപോകുന്ന ജീവിതങ്ങള്‍ക്കു മാതൃകയായി മാറി ഷുഹൈബ് എന്ന വിദ്യാര്‍ഥി.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയിരുന്നു. വായനയില്‍ അതീവതല്‍പരനായ ഷുഹൈബിന്റെ അടുത്ത ലക്ഷ്യം സിവില്‍ സര്‍വീസാണ്. രോഗം നല്‍കിയ എല്ലാവേദനയും കടിച്ചമര്‍ത്തി പരിമിതികളെ ആത്മവിശ്വാസം കൊണ്ട് മറികടക്കണം. പിന്തുണയുമായി മാതാപിതാക്കളും സുഹൃത്തുക്കളും അധ്യാപകരും ഇതുവരെ കൂടെയുണ്ട്. മുന്നോട്ടുള്ള യാത്രയിലും ആ പിന്തുണ തന്നെയാണ് ആത്മധൈര്യം പകരുന്നതെന്ന് ഷുഹൈബ് പറയുന്നു. 






Post a Comment

0 Comments

Top Post Ad

Below Post Ad