Friday, 9 February 2018

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍18 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട് (www.evosopnnews.co): മനുഷ്യാവകാശ കമ്മീഷന്‍ ജില്ലയില്‍ നടത്തിയ സിറ്റിംഗില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ ആകെ 71 പരാതികളാണ് പരിഗണിച്ചത്. മറ്റു പരാതികളില്‍ പൊലീസിനോടും വിവിധ വകുപ്പുകളോടും റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടു. അടുത്ത സിറ്റിംഗ് മാര്‍ച്ച് 27ന് നടക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി ബന്ധപ്പെട്ടുള്ള 29 പരാതികള്‍ പരിഗണിച്ചു. ദുരിതബാധിത പട്ടികയില്‍പ്പെടുത്തിയിട്ടും എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല, മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചപ്പോള്‍ അറിയിച്ചില്ല, വായ്പ എഴുതിത്തള്ളിയില്ല തുടങ്ങിയ പരാതികളില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
2004ല്‍ നടന്ന സുനാമിയില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ലെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സിറ്റിംഗില്‍ സ്വമേധയാ കേസെടുത്ത കമ്മീഷന്‍ ഇവര്‍ക്ക് ആനൂകൂല്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ആളെ കാണാതായതായി പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഏഴുവര്‍ഷത്തിനു ശേഷവും തിരിച്ചെത്തിയില്ലെങ്കില്‍ അയാള്‍ മരിച്ചതായി കണക്കാക്കണമെന്ന സുപ്രീം കോടതി വിധിയുണ്ട്. സുനാമി ദുരന്തത്തില്‍ മരിച്ചതായി കണക്കാക്കി ഇദ്ദേഹത്തിന്റെ കുടുംബത്തിന് മരണാനന്തരം ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശം. സുനാമിത്തിരയില്‍ കീഴൂര്‍ കടപ്പുറത്തു നിന്നുമാണ് ബേക്കല്‍ കുനിക്കൂട്ടക്കാര്‍ വീട്ടില്‍ ബാലന്‍ എന്ന മത്സ്യത്തൊഴിലാളിയെ കാണാതായത്. ബാലന്റെ കുടുംബത്തിന് മരണാന്തര സഹായത്തിന് അര്‍ഹതയുണ്ടെന്നു റവന്യുവകുപ്പും കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ആധാര്‍ കാര്‍ഡില്‍ വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ വീണ്ടും നല്‍കിയിട്ടും അപ്ഡേഷന്‍ നടന്നില്ലെന്ന പരാതിയില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി. അപ്ഡേഷന്‍ കൃത്യമായി നടക്കാത്തതിനാല്‍ പരാതിക്കാരന് മൊബൈല്‍ സിം കാര്‍ഡ് എടുക്കാന്‍ കഴിയുന്നില്ലെന്ന് കാറഡുക്കയില്‍ നിന്നുള്ള വിജയന്റെ പരാതിയില്‍ പറയുന്നു.
പടന്ന മുണ്ട്യായിലെ ക്ഷേത്രത്തില്‍ ജാതി പേരുപറഞ്ഞ് വിലക്കുന്നുവെന്ന പരാതിയില്‍ കാസര്‍കോട് ഡി.വൈ.എസ്.പിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. അമ്പലക്കമ്മറ്റിയോടും വിശദീകരണം ആവശ്യപ്പെടും. ചെമ്മനാട് പഞ്ചായത്തില്‍ പൊതുശ്മശാനം വേണമെന്ന പരാതിയില്‍ സെക്രട്ടറി ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അടുത്ത സിറ്റിംഗില്‍ ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കുവാനും നിര്‍ദേശിച്ചു. എഫ്ഐആറിന്റെ കോപ്പി ആവശ്യപ്പെട്ടതിന് പൊലീസ് മോശമായി സംസാരിച്ചെന്ന മൂന്നു യുവതികളുടെ പരാതിയില്‍ കാഞ്ഞങ്ങാട് സി.ഐയോട് വിശദീകരണം തേടി.

Related Posts

മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗില്‍18 പരാതികള്‍ തീര്‍പ്പാക്കി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.