Type Here to Get Search Results !

Bottom Ad

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്





കാസർകോട്: (www.evisionnews.co)ബസ് ചാര്‍ജ്ജ് വര്‍ദ്ധനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ ലഭിച്ച് 3 ആഴ്ച കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ജനുവരി 30 ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്ന് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ജില്ലാ ഭാരവാഹികൾ വാർത്താ സംമ്മേളനത്തിൽ അറിയിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന ബസ് ഓപ്പറേറ്റേര്‍സ് കോണ്‍ഫെഡറേഷന്റെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. 2014 മെയ് 20നാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചത്. ഈ കഴിഞ്ഞ 4 വര്‍ഷത്തിനുള്ളില്‍ ചിലവിനങ്ങളില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്.ബസ് ചാര്‍ജ്ജ് വര്‍ദ്ധനവിന് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച അവസരത്തില്‍ ഒരു ലിറ്റര്‍ ഡീസലിന് 54 രൂപ വിലയുണ്ടായിരുന്നത് ഇപ്പോള്‍ 67 രൂപ കഴിഞ്ഞുവെന്ന് മാത്രമല്ല, വില ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയുമാണ്. ഇന്‍ഷൂറന്‍സ് മേഖലയിലാകട്ടെ 68 ശതമാനത്തിന്റെ വര്‍ദ്ധനവാണുണ്ടായത്. ജീവനക്കാരുടെ വേതനത്തില്‍ 100 ശതമാനത്തിലധികം വര്‍ദ്ധനവുണ്ടായി. 6070 രൂപ അടിസ്ഥാന ശമ്പളമുണ്ടായിരുന്നത് 15,600 രൂപയായി മാറി.ചെയ്‌സിസ്, ബോഡി നിര്‍മ്മാണം, സ്‌പെയര്‍പാര്‍ട്ട്‌സ് ലൂബ്രിക്കന്റ്‌സ്, ടയര്‍ എന്നിവയിലെല്ലാം വന്‍ വര്‍ദ്ധനവാണുണ്ടായത്. ഈ സാഹചര്യത്തിലാണ് ബസ്ചാര്‍ജ്ജ് വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് 2017 ജൂലൈ മാസത്തില്‍ സര്‍ക്കാരിന് നിവേദനം നല്‍കിയത്. തുടര്‍ന്ന് ആഗസ്റ്റ് 10-ാം തീയതി സംസ്ഥാനവ്യാപകമായി ഒരു ദിവസത്തെ സര്‍വ്വീസ് നിര്‍ത്തിവെക്കല്‍ സമരം നടത്തുകയും സെപ്റ്റംബര്‍ 14-ാം തീയ്യതി മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബര്‍ 11-ാം തീയ്യതി സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് വിഷയം ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ പരിഗണനക്ക് വിടാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 14-ാം തീയ്യതി മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അനിശ്ചിതകാലസമരം പിന്‍വലിക്കുകയുണ്ടായി.

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ നവംബര്‍ 30-ാം തീയ്യതി തെളിവെടുപ്പ് നടത്തുകയും 2017 ഡിസംബര്‍ 30-ാം തീയ്യതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. വ്യവസായത്തിന്റെ നിലനില്‍പ്പിന് പര്യാപ്തമായ ശുപാര്‍ശകള്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പരിമിതമാണെങ്കില്‍ പോലും അതേപ്പറ്റി ബസുടമാസംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യാന്‍ പോലും നാളിതുവരെ തയ്യാറാകാതിരുന്നത് ഖേദകരമാണ്. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയ നവംബര്‍ 30-ാം തീയ്യതി ഡീസല്‍വില ലിറ്ററിന് 61 രൂപയായിരുന്നുവെങ്കില്‍ ഇപ്പോള്‍ 67 രൂപയ്ക്ക് മുകളില്‍ എത്തിയത് ഏറെ ഗൗരവമുള്ള വിഷയമാണ്.

1. മിനിമം ചാര്‍ജ്ജ് 10 രൂപയായും കിലോമീറ്റര്‍ ചാര്‍ജ്ജ് 80 പൈസയുമായും നിജപ്പെടുത്തുക.

2. വിദ്യാര്‍ത്ഥികളുടെ മിനിമംചാര്‍ജ്ജ് 5 രൂപയായും നിലവിലുള്ള നിരക്കിന്റെ 50 ശതമാനമായും പുനര്‍നിര്‍ണ്ണയിക്കുക.

3. 140 കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വകാര്യബസ് പെര്‍മിറ്റുകള്‍ പുതുക്കിനല്‍കുക.

4. വര്‍ദ്ധിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക

5. പെട്രോളിയം ഉല്പന്നങ്ങളെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുക

6. വര്‍ദ്ധിപ്പിച്ച തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പ്രീമിയം പിന്‍വലിക്കുക.

7. കര്‍ണാടകത്തിലേതിന് തുല്യമായി കേരളത്തിലെ ഡീസല്‍വില നിജപ്പെടുത്തുക.എന്നിവയാണ് മുന്നോട്ട് വെച്ചിട്ടുള്ള പ്രധാന ആവശ്യങ്ങളെന്നും ഭാരവാഹികൾ പറഞ്ഞു 




ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ പ്രസിഡണ്ട് കെ.ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, ട്രഷറര്‍ പി.എ.മുഹമ്മദ്കുഞ്ഞി, വൈസ് പ്രസിഡണ്ടുമാരായ എം.ഹസൈനാര്‍, തിമ്മപ്പ ഭട്ട്, ജോയിന്റ് സെക്രട്ടറിമാരായ ശങ്കര നായക്, ടി.ലക്ഷ്മണന്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗം സി.എ.മുഹമ്മദ്കുഞ്ഞി, കെ.ബി.ടി.എ. സെക്രട്ടറി പേരൂര്‍ ബാലകൃഷ്ണന്‍, ഹൊസ്ദുര്‍ഗ് താലൂക്ക് ബസ് ഓപ്പറേറ്റേര്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് രാജേഷ് എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad