Wednesday, 31 January 2018

ഇങ്ങനെയൊക്കെ ഔട്ടാവാനാകുമോ...? അജ്മാന്‍ ടിട്വന്റി ലീഗില്‍ ഒത്തുകളി വിവാദം (വീഡിയോ )


അജ്മാന്‍: ക്രിക്കറ്റില്‍ ബാറ്റ്സ്മാന്‍മാര്‍ ഒന്നിനു പുറകെ ഒന്നായി പുറത്താകുന്നത് എത്രയോ തവണ നമ്മള്‍ കണ്ടിട്ടുണ്ട്. ഒന്നെങ്കില്‍ ബാറ്റിങ് ദുഷ്‌കരമായ പിച്ചിലോ അതല്ലെങ്കില്‍ മോശം ഷോട്ടിന് ശ്രമിച്ചോ ഒക്കെയാണ് ഇങ്ങനെ സംഭവിക്കുക.

എന്നാല്‍ ആവശ്യമില്ലാതെ ക്രീസില്‍ നിന്ന് കയറി സ്റ്റമ്പിങ്ങില്‍ പുറത്താകുകയും ക്രീസില്‍ ഓടിയെത്താനുള്ള അവസരമുണ്ടായിട്ടും അതിന് ശ്രമിക്കാതെ റണ്‍ഔട്ടാകുകയും ചെയ്യുന്നതു കണ്ടാല്‍ നമുക്കെന്ത് തോന്നും. കളി തോല്‍ക്കാന്‍ വേണ്ടി കളിക്കുന്നതായാണ് നമുക്ക് അനുഭവപ്പെടുക.

ഇത്തരമൊരു കളി അജ്മാന്‍ ഓള്‍ സ്റ്റാര്‍ ടിട്വന്റി ലീഗില്‍ നടന്നു. ക്രിക്കറ്റ് ലോകത്തെയാകെ അമ്പരിപ്പിച്ച ഒരു ഇന്നിങ്സായിരുന്നു ദുബായ് സ്റ്റാര്‍സിന്റെ ബാറ്റ്സ്മാന്‍മാര്‍ പുറത്തെടുത്തത്. ഷാര്‍ജ വാരിയേഴ്സിനെതിരെ 136 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങി ദുബായ് സ്റ്റാര്‍സിന്റെ ബാറ്റ്സ്മാന്‍മാര്‍ ഓരോരുത്തരായി ക്രീസ് വിടുകയായിരുന്നു. തുടര്‍ന്ന് 46 റണ്‍സിന് ദുബായ് സ്റ്റാര്‍സിലെ എല്ലാവരും പുറത്താകുകയും ചെയ്തു.

നിയോ സ്പോര്‍ട്സില്‍ ലൈവ് ടെലികാസ്റ്റ് വന്ന ഈ മത്സരത്തിന്റെ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഒറ്റനോട്ടത്തില്‍ തന്നെ ഒത്തുകളിയാണെന്ന് സംശയമുണര്‍ത്തുന്നതാണ് ദുബായ് സ്റ്റാര്‍സിന്റെ ഇന്നിങ്സെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണും ഒത്തുകളിയുടെ സംശയം പ്രകടിപ്പിച്ച് രംഗത്തുവന്നു. ഇതോടെ കാര്യം ഗൗരവമായെടുത്ത ഐ.സി.സി അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഐ.സി.സി ആന്റി കറപ്ഷന്‍ വിഭാഗമാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

അബുദാബി ബുള്‍സ്, അജ്മാന്‍ ടൈഗര്‍ എന്നീ ടീമുകളും ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു. സംഭവം തെളിഞ്ഞാല്‍ മത്സരത്തിന്റെ സംഘാടകര്‍ക്കും കളിക്കാര്‍ക്കുമെല്ലാം ആജീവനാന്ത വിലക്ക് വരെയുളള നടപടികള്‍ ഐസിസി സ്വീകരിച്ചേക്കും.

Related Posts

ഇങ്ങനെയൊക്കെ ഔട്ടാവാനാകുമോ...? അജ്മാന്‍ ടിട്വന്റി ലീഗില്‍ ഒത്തുകളി വിവാദം (വീഡിയോ )
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.