Type Here to Get Search Results !

Bottom Ad

ചോദ്യം ചെയ്തത് 13 മണിക്കൂര്‍: കേസില്‍ സത്യം പുറത്തുവരണമെന്ന് ആഗ്രഹമുണ്ടെന്ന് ദിലീപ്. പോലീസ് ക്ലബ്ബിലെത്തിയത് ദിലീപിനെ കാണാനെന്ന് സിദ്ദീഖ്


കൊച്ചി (www.evisionnews.in): നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെയും നാദിര്‍ഷയെയും പോലീസ് ചോദ്യം ചെയ്തത് 13 മണിക്കൂറോളം. ഇരുവര്‍ക്കുമൊപ്പം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച മൊഴിയെടുക്കല്‍ പതിമൂന്ന് മണിക്കൂറിന് ശേഷം ഒരു മണിയോടെയാണ് പൂര്‍ത്തിയായത്. ദിലീപിന്റെ മാനെജര്‍ അപ്പുണ്ണിയെയും പൊലീസ് ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു

തന്റെ പരാതിയനുസരിച്ച് മൊഴി നല്‍കാനാണ് തന്നെ വിളിപ്പിച്ചതെന്നായിരുന്നു ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ ദിലീപിന്റെ പ്രതികരണം. പോലീസുമായി പൂര്‍ണമായി സഹകരിച്ചെന്നും കേസില്‍ സത്യം പുറത്തുവരണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നയാളാണ് താനെന്നും ദിലീപ് പറഞ്ഞു.

രാത്രി വൈകി നടന്‍ സിദ്ദീഖും നാദിര്‍ഷയുടെ സഹോദരന്‍ സമദും പോലീസ് ക്ലബ്ബിലെത്തിയിരുന്നു. ആരും വിളിച്ചുവരുത്തിയതല്ലെന്നും അകത്ത് എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിയാനാണ് വന്നതെന്നുമായിരുന്നു സ്ഥലത്തെത്തിയ സിദ്ധീഖിന്റെ പ്രതികരണം. സ്വന്തം തീരുമാന പ്രകാരമാണ് താന്‍ ഇവിടെ എത്തിയിരിക്കുന്നതെന്നും ഉച്ചയ്‌ക്കെത്തിയ ദിലീപിനെ ഈ സമയം വരെ കാണാത്തതിനെ തുടര്‍ന്നാണ് വന്നതെന്നും സിദ്ധിഖ് പറഞ്ഞു.

സിനിമാ മേഖലയില്‍ നിന്ന് താരങ്ങളെ സന്ദര്‍ശിക്കാനായി സ്ഥലത്തെത്തിയ ഏക വ്യക്തിയുമായിരുന്നു സിദ്ധീഖ്. സമദിനെ പോലീസ് ക്ലബ്ബിനകത്ത് പ്രവേശിപ്പിച്ചെങ്കിലും സിദ്ധിഖിന് അകത്ത് കയറാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഇന്ന് നടക്കുന്ന അമ്മ വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കുമെന്നും ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.

തന്നെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി രണ്ടു മാസം മുമ്പാണു ദിലീപ് പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഇതുവരെ ദിലീപിന്റെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് തയാറായിരുന്നില്ല. ഇതില്‍ താരം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. അന്നു ഡി.ജി.പി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റയ്ക്ക് നേരിട്ടാണ് ദിലീപ് പരാതി നല്‍കിയിരുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad