Type Here to Get Search Results !

Bottom Ad

കാസര്‍കോടിനെ ഭീതിരഹിത ജനസമ്പര്‍ക്ക നഗരമാക്കാന്‍ നടപടി സ്വീകരിക്കണം: എ. അബ്ദുല്‍ റഹ്മാന്‍


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരപ്രദേശത്ത് രാത്രി പത്തു മണി വരെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനും നഗരത്തില്‍ നിന്നും വിവിധ ഭാഗങ്ങളിലേക്ക് ടൗണില്‍ നിന്ന് ബസ് സര്‍വീസുകള്‍ നടത്തുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ കലക്ടര്‍, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

ജില്ലാ ആസ്ഥാനമായ കാസര്‍കോട് നഗരപ്രദേശത്ത് നിലവില്‍ രാത്രി എട്ടു മണിയോട് കൂടി വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുകയും ബസ് ഗതാഗതം പൂര്‍ണ്ണമായും അവസാനിപ്പിക്കുകയുമാണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും നഗരങ്ങളില്‍ നിന്നും വ്യത്യസ്തമായി കാസര്‍കോട് മാത്രം കാണുന്ന ദുരവസ്ഥയാണിത്. കാസര്‍കോടിന്റെ പരിസര പ്രദേശങ്ങളിലുണ്ടാവുന്ന ചില സംഭവങ്ങളുടെ പേരില്‍ നഗരത്തില്‍ പോലീസ് നടത്തുന്ന ഭീകരാന്തരീക്ഷവും അപ്രഖ്യാപിത നിശാനിയമവും അനാവശ്യ വാഹന പരിശോധനകളും നേരത്തെയുള്ള കടയടപ്പിനും ജനങ്ങളുടെ ഒഴിഞ്ഞുപോക്കിനും ആക്കം കൂട്ടുകയാണ്.

ചെറിയ നഗരങ്ങളിലും മറ്റു ഉള്‍പ്രദേശങ്ങളില്‍ പോലും രാത്രി വൈകുവോളം കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയും ബസുകളും മറ്റു വാഹനങ്ങളും യഥേഷ്ടം ഓടുകയും ചെയ്യുമ്പോള്‍ കാസര്‍കോട് നഗരം സന്ധ്യയോട് കൂടി ഇരുളടയുകയാണ്. ഇതുകാരണം കാസര്‍കോട്ടെ വ്യാപാര മേഖല അനുദിനം തകരുകയും കച്ചവടങ്ങള്‍ മറ്റു നഗരങ്ങളിലേക്ക് മാറിപ്പോവുകയും ചെയ്യുകയാണ്. ഇതിന്റെ പിന്നില്‍ ഗൂഢാലോചനയുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു.

കാസര്‍കോട് നഗരത്തിലെ കച്ചവട സ്ഥാപനങ്ങള്‍ രാത്രി പത്തു മണി വരെ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനും ബസ് സര്‍വീസ് അടക്കമുള്ള പൊതുഗതാഗതം രാത്രിയിലും സജീവമാക്കുന്നതിനും അതുവഴി കാസര്‍കോട് നഗരത്തെ ഭീതിരഹിത ജനസമ്പര്‍ക്ക നഗരമാക്കി മാറ്റാന്‍ വ്യാപാര സംഘടനകള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തൊഴിലാളി സംഘടന പ്രതിനിധികള്‍, ബസ് ഉടമ സംഘടനാ പ്രതിനിധികള്‍, പോലീസ്- ഗതാഗത- തദ്ദേശഭരണ സ്ഥാപന മേധാവികള്‍ എന്നിവരുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ക്കണമെന്നും അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad