Type Here to Get Search Results !

Bottom Ad

മൂന്നാര്‍ സമരത്തെ ഭയക്കുന്നില്ല - മുഖ്യമന്ത്രി; സഭ ഇന്നും പിരിഞ്ഞു


തിരുവനന്തപുരം : (www.evisionnews.in) പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ബുധനാഴ്ച്ച പിരിഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മന്ത്രി എം എം മണിയുടെ വിവാദ പ്രസംഗത്തെച്ചൊല്ലി പിരിയുന്നത്. മണിയുടെ രാജിയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അതിനിടെ ഇന്ന് മൂന്നാറിലെത്തിയ ഉമ്മന്‍ചാണ്ടി സമരം യു ഡി എഫ് ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. 

അതേസമയം സര്‍ക്കാര്‍ വിരുദ്ധ തിമിരം ബാധിച്ചവരാണ് മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ഇല്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ചും എം.എം മണി പറയാത്ത കാര്യങ്ങള്‍ പറഞ്ഞുമാണ് സമരം. ഇതിനാലാണ് സമരത്തിന് ജനപിന്തുണ ലഭിക്കാത്തത്. സമരത്തെ സംഘടനാ നേതാക്കള്‍ തളളിപ്പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

മന്ത്രി മണിയുടെ വിവാദ പ്രസംഗം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് അടിയന്തര പ്രമേയ നോട്ടീസിലെ ആവശ്യം. പൊമ്പിളൈ ഒരുമൈ സമരത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. എം.എം മണി പറയുന്നത് ഗ്രാമീണ ഭാഷയല്ല, അഹങ്കാരത്തിന്റെ ഭാഷയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. അതേസമയം പെമ്പിളൈ ഒരുമയുടെ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചുവെന്ന് പറഞ്ഞത് ശരിയായില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. അവര്‍ക്കെതിരെ അനാവശ്യമായി കേസ് എടുത്തിട്ടില്ല. ഗതാഗതവും പൊലീസിന്റെ കൃത്യനിര്‍വഹണവും തടസപ്പെടുത്തിയതിനാണ് കേസ്.

എം.എം മണിയുടെ വാക്കുകളെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. വിരലില്‍ എണ്ണാവുന്ന ആളുകളാണ് സമരം ചെയ്യുന്നത്. മൂന്നാര്‍ സമരത്തെ സര്‍ക്കാര്‍ ഭയക്കുന്നില്ല. ജനങ്ങള്‍ തളളിക്കളഞ്ഞ ഒറ്റപ്പെട്ട സമരമാണ് മൂന്നാറിലേത്. അവിടെ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചാണ് സമരമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ചത് ആലോചനയില്ലാതെ ആണെന്ന് മുഖ്യമന്ത്രി ഇന്നും സഭയില്‍ വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad