Type Here to Get Search Results !

Bottom Ad

ഫാസിസം പള്ളി മിഹ്റാബ് വരെ എത്തി: പോലീസ് പണി ബ്രണ്ണനിൽ പഠിക്കാത്ത മറ്റാർക്കെങ്കിലും വിട്ടുകൊടുക്കട്ടെയെന്ന് കെ എം ഷാജി എം എല്‍ എ


കണ്ണൂർ (www.evisionnews): കാസര്‍കോട് ചൂരിയിൽ മദ്രസ അധ്യാപകനെ പള്ളിയിൽ കയറി വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും രൂക്ഷമായി വിമര്‍ശിച്ച് കെ.എം ഷാജി എം.എല്‍.എ. കേരളത്തിലും വ്യാപകമായി ഫാസിസം പിടിമുറുക്കിയിരിക്കുന്നു. ഫാസിസം പള്ളി മിഹ്‌റാബിന്റെ ചുവട്ടില്‍ വരെ എത്തിയിരിക്കുന്നു. കാസര്‍കോട് സംഭവം കേരളത്തില്‍ നിന്നും ഗുജറാത്തിലേക്ക് തീരെ അകലമില്ലെന്ന നിലവിളിക്കുന്ന യാഥാര്‍ത്ഥ്യമാണ്.

കാസര്‍കോട് കൊലപാതകത്തില്‍ അന്വേഷണം വ്യക്തമായി നടത്തണം. പ്രതികളെ നിമയത്തിനു മുന്നില്‍ കൊണ്ടുവരണം. നീതി നടപ്പിലാക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി മറ്റാര്‍ക്കെങ്കിലും ആഭ്യന്തരവകുപ്പ് നല്‍കുന്നതായിരിക്കും നല്ലതെന്നും ഫേസ്ബുക്കില്‍ പോസ്റ്റില്‍ എം.എല്‍.എ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഫാഷിസം നമ്മുടെ പള്ളി മിഹ്‌റാബിന്റെ ചുവട്ടില്‍ വരെ എത്തിയിരിക്കുന്നു!കാസര്‍കോട് സംഭവം കേരളത്തില്‍ നിന്നും ഗുജറാത്തിലേക്ക് തീരെ അകലമില്ലെന്ന നിലവിളിക്കുന്ന യാഥാര്‍ത്ഥ്യമാണ്!

മതനിരപേക്ഷമായ കേരളീയാന്തരീക്ഷത്തില്‍ പോലും ഈ ഫാഷിസ്റ്റ് വിളയാട്ടം നിര്‍ബാധം തുടരുകയാണ്! ഇതില്‍ ആഭ്യന്തര വകുപ്പിന്റെ ഗുരുതരമായ വീഴ്ചകള്‍ വളരെ കൃത്യമായി പ്രകടവുമാണ്!

ലാവ്‌ലിന്‍ ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നറിയാം!എന്നാലും ബെഹ്‌റയെപ്പോലെ ഒരു ഫാഷിസ്റ്റ് ആജ്ഞാനുവര്‍ത്തിയെ പോലീസ് തലപ്പത്ത് പ്രതിഷ്ഠിച്ചാലുണ്ടാകുന്ന അപകടത്തെക്കുറിച്ച് പിണറായി വിജയന്‍ നല്ലവണ്ണം ഓര്‍ക്കണമായിരുന്നു!ബെഹ്‌റയും ദെല്‍ഹിയും തമ്മിലുള്ള ഗുപ്ത ബന്ധത്തിന്റെ തടവറയില്‍ നിശ്ചലനായിരിക്കുന്ന മുഖ്യമന്ത്രിയോട് എന്ത് പറഞ്ഞിട്ടെന്ത്?
പക്ഷേ പ്രശ്‌നത്തിന്റെ വേരുകള്‍ കൂടുതല്‍ ആഴത്തിലുള്ളതാണ്! ജനിച്ചതിന്റെ പേരില്‍,വിശ്വാസത്തിന്റെ പേരില്‍,പ്രവര്‍ത്തിച്ചതിന്റെ പേരില്‍ മനുഷ്യ ജീവനുകള്‍ അറുത്ത് മാറ്റപ്പെടുകയാണ്!എന്തിനെന്ന് പോലുമറിയാതെ!
കാസര്‍കോട് സംഭവത്തിലെങ്കിലും നിയമവാഴ്ച്ച ഉറപ്പാക്കാന്‍ ആഭ്യന്തര വകുപ്പ് എത്രയും വേഗം തയ്യാറാകണം! കൊലപാതകവുമായി ബന്ധപ്പെട്ട ആപത്കരമായ സംഭവങ്ങള്‍ക്ക് അവസരമുണ്ടാക്കാതിരിക്കാനുള്ള ബാദ്ധ്യത ഭരിക്കുന്ന ഗവണ്‍മെന്റിനാണ്!നീതി നിര്‍ഭയം നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെങ്കില്‍ ബെഹ്‌റയെ പേടിയില്ലാത്ത, ബ്രണ്ണന്‍ കോളേജില്‍ പഠിക്കാത്ത ആര്‍ക്കെങ്കിലും ആഭ്യന്തര വകുപ്പ് നല്‍കുന്നത് നന്നായിരിക്കും! കാരണം കേരളമെങ്കിലും കേരളമായി നിലനില്‍ക്കണമെന്ന് അതിയായ ആഗ്രഹം ഇപ്പോഴും ജനങ്ങള്‍ക്കുണ്ട്!

Post a Comment

0 Comments

Top Post Ad

Below Post Ad