Type Here to Get Search Results !

Bottom Ad

പെരിയാട്ടടുക്കത്തെ വീട്ടമ്മയുടെ ദുരൂഹ മരണം: ജില്ലാ പോലീസ് ചീഫ് വിശദീകരണം തേടി

പെരിയാട്ടടുക്കം (www.evisionnws.in): വീട്ടില്‍ തനിച്ചു താമസിക്കുന്ന സ്ത്രീയെ കഴുത്തു ഞെരുക്കി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണ പുരോഗതിയെ കുറിച്ച് ജില്ലാ പോലീസ് ചീഫ് കെ.ജി സൈമണ്‍ വിശദീകരണം തേടി. ഡി.വൈ.എസ്.പിമാരുടെയും ക്രൈം സ്‌ക്വാഡിന്റെയും സംയുക്ത യോഗത്തിലാണ് വിശദീകരണം തേടിയത്.

പനയാല്‍, കാട്ടിയടുക്കത്തെ പരേതനായ പക്കീരന്റെ ഭാര്യ ദേവകി (68)യെ ഈ മാസം 13നാണ് വീട്ടിനകത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ചും കഴുത്തു ഞെരിച്ചുമാണ് കൊലപ്പെടുത്തിയതെന്നു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

കൊല്ലപ്പെട്ട ദേവകിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ആഭരണങ്ങളോ, വീട്ടിനകത്തുണ്ടായിരുന്ന പണമോ നഷ്ടപ്പെട്ടിരുന്നില്ല. അന്വേഷണത്തിന്റെ തുടക്കത്തില്‍ പുറമെ നിന്നു എത്തിയവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടത്തിയത്. ഇതു വഴിക്കു ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. സംശയിക്കപ്പെട്ടവരെയെല്ലാം കണ്ടെത്തി ചോദ്യം ചെയ്തുവെങ്കിലും കൊലയാളിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് കൊലയാളി ദേവകിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആരെങ്കിലുമായിരിക്കാമെന്ന നിഗമനത്തില്‍ അന്വേഷണസംഘം എത്തിചേര്‍ന്നത്. അന്വേഷണത്തിനു എത്തിയ പോലീസ് നായ വീട്ടിനകത്തും പരിസരത്തും കറങ്ങിയതല്ലാതെ മറ്റൊന്നും ചെയ്തില്ല. ഇതിനാലും കൊലയാളി ദേവകിയുടെ വീടുമായി ഏതെങ്കിലും തരത്തില്‍ ബന്ധം പുലര്‍ത്തുന്നവര്‍ തന്നെയായിരിക്കാമെന്നു അന്വേഷണ സംഘം കണക്കു കൂട്ടുന്നു. സംശയത്തിന്റെ നിഴലിലുള്ള രണ്ടു സ്ത്രീകളടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടയിലാണ് അന്വേഷണ പുരോഗതി വിലയിരുത്തുവാന്‍ ജില്ലാ പോലീസ് ചീഫ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തത്. കൊലപാതകം നടന്ന് ഒരാഴ്ചയായിട്ടും കൊലയാളികളെ കണ്ടെത്താനാകാത്തത് ജില്ലാ പോലീസ് ചീഫ് അതൃപ്തി പ്രകടിപ്പിച്ചതായാണ് സൂചന. ഒരാഴ്ച്ചയ്ക്കുള്ളില്‍ കൊലയാളികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ വെല്ലുവിളിയായിത്തീരുമെന്നും യോഗത്തെ അറിയിച്ചതായാണ് സൂചന.

Post a Comment

0 Comments

Top Post Ad

Below Post Ad