Type Here to Get Search Results !

Bottom Ad

ആറുമാസത്തോളമായി സൗദി ജയിലില്‍ കഴിയുന്ന ചട്ടഞ്ചാലിലെ യുവാവിന്റെ മോചനം നീളുന്നു

കാസര്‍കോട് (www.evisionnews.in): കാറപകടത്തെ തുടര്‍ന്ന് സൗദിയില്‍ ജയിലിലായ ചട്ടഞ്ചാലിലെ യുവാവിന്റെ മോചനം നീളുന്നു. പൊയിനാച്ചി ചെറുകരയിലെ പറമ്പില്‍ ഹൗസില്‍ തളങ്കര സിദ്ദീഖ് -സൈദാബി ദമ്പതികളുടെ മകന്‍ മുഹമ്മദ് സഫറുദ്ദീനാ (22)ണ് നഷ്ടപരിഹാരം നല്‍കാന്‍ വകയില്ലാതെ ആറുമാസത്തോളമായി ജിദ്ദയിലെ ജയിലില്‍ കഴിയുന്നത്. 

2016 ജനുവരി 29നാണ് സറഫൂദ്ദീന്‍ ഡ്രൈവര്‍ ജോലിക്കുള്ള വിസയില്‍ സൗദിയിലേക്ക് പോയത്. ആദ്യമാസത്തെ ശമ്പളം കിട്ടിയെന്ന് ഫോണില്‍ അറിയിച്ചെങ്കിലും പിന്നീട് വിവരങ്ങളൊന്നുമുണ്ടായില്ല. രണ്ടുമാസം കഴിഞ്ഞാണ് സഫറുദ്ദീന്‍ ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടിരുന്നുവെന്നും ഇതേ തുടര്‍ന്ന് പൊലീസ് അറസ്റ്റു ചെയ്ത് ജയിലിലടക്കപ്പെട്ടതായുമുള്ള വിവരം നാട്ടിലെത്തുന്നത്. സഫറുദ്ദീന്‍ ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിന് ശേഷം കഫീല്‍ തിരിഞ്ഞുനോക്കിയില്ലത്രെ.

നാലരലക്ഷത്തിലേറെ രൂപയാണ് നഷ്ടപരിഹാരമായി കാറുടമക്ക് നല്‍കേണ്ടത്. നഷ്ടപരിഹാരം നല്‍കിയാല്‍ കേസില്‍ നിന്നൊഴിവാക്കാമെന്നാണ് ഉടമ പറയുന്നത്. എന്നാല്‍ സാമ്പത്തികമായി ഞെരുക്കത്തിലായ സഫറുദ്ദീനോ ബന്ധുക്കള്‍ക്കോ ഇത്രയും തുക നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്. നിത്യരോഗിയായ പിതാവിന് സര്‍ക്കാറില്‍ നിന്ന് ലഭിച്ച മൂന്നുസെന്റ് പുരയിടം മാത്രമാണ് സ്വന്തമായുള്ളത്. മൂന്നുമാസം മുമ്പ് മകളെ കെട്ടിച്ചയച്ചതില്‍ ആറു ലക്ഷത്തിലേറെ ബാങ്ക് ലോണും ഇയാളുടെ പേരിലുണ്ട്. ഈ കടത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ് സഫറൂദ്ദീനെ കിട്ടിയ വിസയില്‍ സൗദിയിലേക്ക് കയറ്റിവിട്ടത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഫ്‌വാന്‍, സഫ്രിയ എന്നിവരാണ് സിദ്ദീഖിന്റെ മറ്റുമക്കള്‍. രണ്ടുപെണ്‍മക്കള്‍ പത്തുവര്‍ഷം മുമ്പ് വെള്ളത്തില്‍ വീണ് മരിച്ചിരുന്നു. 

സഫറുദ്ദീന്റെ മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ അധികൃതര്‍ക്ക് നിവേദനവും പരാതിയും നല്‍കി കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. രണ്ടുമാസം മുമ്പ് എം.പിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും യാതൊരു വിധത്തിലുള്ള തുടര്‍നടപടിയുമുണ്ടായില്ലെന്ന് സഫറുദ്ദീന്റെ പിതാവ് പറഞ്ഞു. ഫോണ്‍: +91 9562 741 250.


Keywords: Kasarsagod-news-soudi-jail-six-month-accident

Post a Comment

0 Comments

Top Post Ad

Below Post Ad