Type Here to Get Search Results !

Bottom Ad

അധോലോക രാജാവ് രവി പൂജാരി കേരള രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിലും തോക്കുയര്‍ത്തുന്നു

കാസര്‍കോട് (www.evisionnews.in): അധോലോക രാജാവും മംഗളൂരു സ്വദേശിയുമായ രവി പൂജാരിയെ കേരള രാഷ്ട്രീയത്തിലെ വന്‍ തോക്കുകളും ഗുണ്ടകളും തങ്ങളുടെ ഇംഗിതങ്ങള്‍ക്കും ഗൂഢലക്ഷ്യങ്ങള്‍ക്കും മുന്നിലിറക്കുന്ന വിവരങ്ങളും വാര്‍ത്തകളും സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഫോണ്‍വിളി വിവാദത്തില്‍ തൃശൂരിലെ ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം തടവിലുള്ള നിസാമിനെതിരെ നിയമസഭയില്‍ ശബ്ദമുയര്‍ത്തിയതിന് പിന്നാലെ രമേശ് ചെന്നിത്തലക്കെതിരെ ദുബൈയില്‍ നിന്ന് രവി പൂജാരിയെന്ന് പറയുന്നയാളുടെ വധഭീഷണി പുറംലോകം അറിഞ്ഞതോടെയാണ് കര്‍ണാടകക്കാരനായ അധോലോക ഗുണ്ടയും ഇന്റര്‍പോള്‍ തിരയുന്നയാളുമായ രവി പൂജാരി കേരള രാഷ്ട്രീയത്തിലും ചര്‍ച്ചയാകുന്നത്. 

ഇതിനൊപ്പം സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ബംഗളൂരു കോടതിയില്‍ നിന്ന് വിധി സമ്പാദിച്ച വ്യവസായിയെ വധിക്കുമെന്ന ഭീഷണിയുയര്‍ത്തി രവി പൂജാരി നേരത്തെ സന്ദേശമയച്ച് പണം തട്ടാന്‍ ശ്രമിച്ചുവെന്ന് ബി.ജെ.പി മുഖപത്രം ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു. ഇത് കോണ്‍ഗ്രസിന്റെ അധോലോക ബന്ധത്തെയാണ് വെളിച്ചത്ത് കൊണ്ടുവന്നതെന്ന് ബി.ജെ.പി ആരോപിക്കുന്നുണ്ട്.

കാസര്‍കോട് ബേവിഞ്ചയിലെ പിഡബ്ല്യുഡി കരാറുകാരന്‍ എം.ടി മുഹമ്മദ് കുഞ്ഞി ഹാജിയുടെ വീടിന് നേരെ രണ്ടുതവണ നടന്ന വെടിവെപ്പിന് പിന്നില്‍ മംഗലാപുരത്തെ അധോലോക രാജാവ് രവി പൂജാരിയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2010 ജൂണ്‍ 25ന് രാത്രി ഏഴേമുക്കാലിനായിരുന്നു ആദ്യസംഭവം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കോഡ കാറിലും സിറ്റൗട്ടിലെ കൈവരിക്കും കസേരകള്‍ക്കുമാണ് വെടിയേറ്റത്. മുഹമ്മദ് കുഞ്ഞി വീട്ടിനകത്തുണ്ടായിരുന്നെങ്കിലും തലനാരിഴക്ക് രക്ഷപ്പെട്ടു.

പിന്നീട് 2013 ജൂലായ് 18ന് പുലര്‍ച്ചെ 5.20 മണിയോടെയാണ് കുഞ്ഞിയുടെ വീടിന് നേര്‍ക്ക് അജ്ഞാത സംഘം വെടിയുതിര്‍ത്തത്. അപ്പോള്‍ മുഹമ്മദ് കുഞ്ഞി വീട്ടിലുണ്ടായിരുന്നില്ല. കുഞ്ഞിയുടെ ഭാര്യയും മാതാവും മക്കളുമായിരുന്നു വീട്ടില്‍. കുഞ്ഞി പ്രഭാത നമസ്‌കാരത്തിന് പള്ളിയിലേക്ക് പോയിരുന്നു. കുഞ്ഞിയുടെ ഉമ്മ നിസ്‌ക്കാരം നടത്തുകയായിരുന്ന മുറിയുടെ ജനലിലേക്കാണ് സംഘം ആദ്യം വെടിയുതിര്‍ത്തത്. തുടര്‍ന്ന് വീടിന്റെ മുന്‍വശത്തെ സിറ്റൗട്ടിലുള്ള ജനല്‍ച്ചില്ലും വെടിയേറ്റ് തകര്‍ന്നു. ജനലിന് താഴെ ചുമരില്‍ വെടിയുണ്ടകളേറ്റ് തുളകള്‍ വീണു. ഭയവിഹ്വലരായ വീട്ടുകാര്‍ ലൈറ്റിട്ടശേഷം സിറ്റൗട്ടിലേക്ക് വന്ന് നോക്കിയപ്പോള്‍ രണ്ടുപേര്‍ ഗേറ്റിന് സമീപത്തുനിന്ന് ബൈക്കില്‍ രക്ഷപെടുന്നത് കണ്ടു.

വെടിവെപ്പിന് ദിവസങ്ങള്‍ മുമ്പ് ദുബൈയില്‍ നിന്ന് ഇന്റര്‍നെറ്റ് ഫോണ്‍ വഴി രവി പൂജാരിയെന്ന് പറയുന്നയാള്‍ വിളിച്ച് അഞ്ച് കോടി രൂപ ആവശ്യപ്പെട്ടു. കുഞ്ഞിയെയും കുടുംബത്തെയും വിളിച്ച ഫോണ്‍ പ്രവര്‍ത്തനം സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഏത് ടവറിന്റെ പരിധിയിലാണെന്ന് മനസിലാക്കി പോലീസിലെ ഇന്റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണം ബംഗളൂരു സെന്‍ട്രല്‍ ജയിയിലാണെത്തിയത്. അധോലോക നായകനും അന്താരാഷ്ട്ര കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിനുവേണ്ടി 25 ലക്ഷം രൂപയുടെ കള്ളനോട്ട് കടത്തുന്നതിനിടെ പോലീസ് പിടികൂടി ജയിയില്‍ അടച്ച മഞ്ചേശ്വരം മുളികെ സ്വദേശി പുത്തു എന്ന ഹമീദ് ഉപയോഗിക്കുന്ന മൊബൈലിലൂടെയാണ് കുഞ്ഞിയെ ബന്ധപ്പെട്ടതെന്ന് വ്യക്തമായി.


Keywords: Kasaragod-news-story-ravi-pujari-kerala-politics

Post a Comment

0 Comments

Top Post Ad

Below Post Ad