Type Here to Get Search Results !

Bottom Ad

കാസർകോട്ടെ റേഷന്‍ കാര്‍ഡ് പുതുക്കല്‍; മുന്‍ഗണനാ ലിസ്റ്റിനെതിരെ പരാതി വ്യാപകം

കാസര്‍കോട് (www.evisionnews.in): ജില്ലയിലെ പുതിയ റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണനാ ലിസ്റ്റില്‍ വ്യാപക അപാകം. ഏറ്റവും അര്‍ഹരായവരാണ് ബിപിഎല്‍ ലിസ്റ്റില്‍ വരേണ്ടതെങ്കിലും അര്‍ഹരല്ലാത്ത നിരവധിപ്പേര്‍ ഉള്‍പ്പെട്ടതായി പരാതി.

അതേസമയം അര്‍ഹരായ നിരവധി കുടുംബങ്ങള്‍ മുന്‍ഗണനാ ലിസ്റ്റില്‍നിന്നും പുറത്തായി. 20നാണ് പട്ടിക പ്രസിദ്ധപ്പെടുത്തിയത്. ഇതിനെതിരെ പരാതി സമര്‍പ്പിക്കാനുള്ള അവസാന തിയതി 30 ആണ്. ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍ മതിയായ രേഖകള്‍ ശേഖരിച്ച് പരാതി നല്‍കാന്‍ പലര്‍ക്കുമാവില്ലെന്നും പരാതിയുണ്ട്. പരാതി നല്‍കണമെങ്കിലോ കിലോമീറ്ററുകള്‍ സഞ്ചരിച്ച് താലൂക്ക് സപ്ളൈ ഓഫീസിലെത്തണം. ഓണ്‍ലൈന്‍ വഴി പരാതി നല്‍കാമെങ്കിലും ഇതിനെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ കോളനിവാസികളുള്‍പ്പെടെ പിന്നോക്കമേഖലയിലുള്ളവര്‍ ആരുടെയെങ്കിലും സഹായത്തിനായി കാത്തിരിക്കണം. റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട ജോലികള്‍ സപ്ളൈ ഓഫീസ് അധികൃതര്‍ രണ്ടുവര്‍ഷം മുമ്പാരംഭിച്ചതാണെങ്കിലും ആവശ്യമായ പരിശോധനകള്‍ നടത്തിയല്ല പട്ടിക പ്രസിദ്ധീകരിച്ചതെന്ന് വ്യക്തമാണ്. മലയോരത്തെ ഉള്‍ഗ്രാമങ്ങളിലുള്ള പട്ടികജാതി വര്‍ഗ വിഭാഗക്കാര്‍പോലും മുന്‍ഗണനാലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. അതേസമയം നാലുചക്ര വാഹനവും ഇരുനില വീടുമുള്ള പലരും ഈ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വിദേശത്ത് ജോലിയുള്ളവരുടെയും കുടുംബങ്ങള്‍പോലും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണ് റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ടുണ്ടായത്. കാര്‍ഡുടമകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ച് തയ്യാറാക്കിയ മാര്‍ക്ക്ലിസ്റ്റ് അനുസരിച്ചാണ് മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. 

അര്‍ഹരായവര്‍ രേഖകള്‍ സഹിതമെത്തിയാല്‍ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് താലൂക്ക് സപ്ളൈ ഓഫീസ് അധികൃതര്‍ പറയുമ്പോഴും അനര്‍ഹരെ എങ്ങനെ ഒഴിവാക്കുമെന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ആരെങ്കിലും പരാതി നല്‍കിയാല്‍ മാത്രമേ ഇത്തരക്കാരെ ഒഴിവാക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പരാതിയും ആക്ഷേപവും സമര്‍പ്പിക്കാനുള്ള തിയതി നീട്ടി ഉദ്യോഗസ്ഥര്‍ റേഷന്‍ കടകളില്‍ ക്യാമ്പ് നടത്തി അപാകതകള്‍ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. 

നവംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമം നിലവില്‍ വരുമെന്നിരിക്കെ ഇതെല്ലാം എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്കയുമുണ്ട്.



keywords:kasaragod-ration-card-renewal

Post a Comment

0 Comments

Top Post Ad

Below Post Ad