Type Here to Get Search Results !

Bottom Ad

തീരദേശ ഹരിത ഇടനാഴി യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി, ധീവരസഭ സ്വാഗതം ചെയ്തു


തിരുവനന്തപുരം (www.evisionnews.in): തിരുവനന്തപുരത്തെ കൊല്ലങ്കോട് മുതല്‍ മഞ്ചേശ്വരം വരെ 522 കിലോമീറ്റര്‍ ദൂരത്തില്‍ 'ഹരിത ഇടനാഴി' നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടൂറിസം കേന്ദ്രങ്ങളെയും മത്സ്യഗ്രാമങ്ങളെയും ബന്ധിപ്പിച്ച് 'തീരത്തിനായി ഹരിത ഇടനാഴി' എന്ന സ്വപ്നപദ്ധതിയാണ് സംസ്ഥാനത്ത് തയാറാകുന്നത്. തീരസംരക്ഷണം, മത്സ്യത്തൊഴിലാളി മേഖലയുടെ സമഗ്രവികസനം എന്നിവ ലക്ഷ്യമാക്കി ദേശീയപാത മാതൃകയിലാണ് പദ്ധതി.

13,485 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. വിപുലമായ യോഗം ചേര്‍ന്ന് ജനകീയപങ്കാളിത്തത്തോടു കൂടിയായിരിക്കും പദ്ധതി നടപ്പിലാക്കുക. പുനരധിവാസവുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മയുടെ അധ്യക്ഷതയില്‍ തീരദേശ മണ്ഡലങ്ങളിലെ എംഎല്‍എ മാരുടെ യോഗം ചേര്‍ന്നിരുന്നു. നാലു വര്‍ഷത്തിനുള്ളില്‍ മാലിന്യമുക്ത സുന്ദര തീരം സംസ്ഥാനത്ത് യാഥാര്‍ഥ്യമാകും എന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

തീരദേശത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പദ്ധതിയില്‍ എല്ലാ മത്സ്യബന്ധന തുറമുഖങ്ങളെയും ലാന്റിംഗ് സെന്ററുകളെയും ബന്ധിപ്പിക്കും. തീരത്തെ വേലിയേറ്റപരിധിയില്‍ നിന്ന് 35 മീറ്റര്‍ മാറിയാണ് 15 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുന്നത്. ഈ ഭാഗത്ത് മരങ്ങള്‍ നട്ട് ഗ്രീന്‍ബെല്‍റ്റായി സംരക്ഷിക്കും. മണ്ണൊലിപ്പും കടലാക്രമണവും തടയാനായി ആര്‍ടിഫിഷ്യല്‍ റീഫ്, ഡിറ്റാച്ച്ഡ് ബ്രേക്ക് വാട്ടര്‍ സംവിധാനങ്ങള്‍ സജ്ജീകരിക്കും. പാതയോരത്ത് പാസഞ്ചര്‍ അമിനിറ്റി സെന്റര്‍, സീഫുഡ് പാര്‍ക്ക്, റിക്രിയേഷണല്‍ ഫിഷറീസ് സംവിധാനങ്ങള്‍, ശൗചാലയങ്ങള്‍, ജലകായിക വിനോദകേന്ദ്രങ്ങള്‍ എന്നിവ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കും. കാലവര്‍ഷവും കടലാക്രമണവും തീരത്തുണ്ടാക്കുന്ന കെടുതികള്‍ക്ക് അറുതിവരുത്താനും ഇതിനായി വര്‍ഷംതോറും ചെലവാകുന്ന തുക ഒഴിവാക്കാനും പദ്ധതി സഹായമാകും.

പദ്ധതി നടത്തിപ്പിനായി 24040 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടി വരും. 5553.28 കോടിയുടെ പുനരധിവാസ പദ്ധതിക്ക് രൂപരേഖയായി. നഷ്ടപരിഹാരം നല്‍കി ജനങ്ങളെ തെരുവിലിറക്കുകയെന്നതല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സ്യബന്ധന ഗ്രാമങ്ങളുടെ തനത് സാമൂഹ്യസാംസ്‌ക്കാരിക പാരമ്പര്യം നിലനിര്‍ത്തിക്കൊണ്ടുള്ള പുനരധിവാസമാണ് സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ സാമൂഹിക -സാംസ്‌കാരിക ഉന്നമനം സാധ്യമാകുന്ന തരത്തിലുള്ള ഒരു സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

തീരത്തുനിന്ന് കിഴക്കോട്ട് ഒരു കിലോമീറ്ററും സമാന്തരമായി രണ്ടു കിലോമീറ്ററും ദൂരപരിധിയില്‍ പുനരധിവാസത്തിനായി സ്ഥലം കണ്ടെത്തും. ഇരുനില കെട്ടിട യൂണിറ്റുകളായും രണ്ടുതരം ടൗണ്‍ഷിപ്പുകളുമായാണ് പുനരധിവാസം നടപ്പാക്കുക. ചുറ്റുമതിലോടു കൂടിയ ടൗണ്‍ഷിപ്പില്‍ വീടുകള്‍ക്ക് പുറമെ അങ്കണ്‍വാടി, കമ്മ്യൂണിറ്റി സെന്റര്‍, പ്രാഥമികാരോഗ്യ കേന്ദ്രം, കളിസ്ഥലം, പാര്‍ക്കിംഗ് സ്ഥലം, മാലിന്യ സംസ്‌കരണ യൂണിറ്റ് എന്നിവയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കാസര്‍കോട്ടെ തീരദേശത്തിന് 70കിലോ മീറ്റര്‍ ദൈര്‍ഘ്യമുണ്ട്. മഞ്ചേശ്വരം, കാസര്‍കോട്, ബേക്കല്‍ -കോട്ടിക്കുളം, ചെറുവത്തൂര്‍ എന്നീ നാലു അഴിമുഖങ്ങളുമുണ്ട്. മഞ്ചേശ്വരത്തും കാസര്‍കോട്ടും പുതിയ മത്സ്യബന്ധന തുറമുഖം ഉടന്‍ നിലവില്‍ വരും. ചെറുവത്തൂര്‍ മടക്കരയിലെ തുറമുഖം ഇപ്പോള്‍ നല്ല രീതിയില്‍ പ്രവര്‍ത്തന സജ്ജമാണ്.

അതിനിടെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ അഖിലകേരള ധീവരസഭ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ യു.എസ് ബാലന്‍ സ്വാഗതം ചെയ്തു. കുടിയൊഴിപ്പിക്കുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് പുറമെ ഉചിതമായ പുനരധിവാസവും നല്‍കണം. പുനരധിവാസ കേന്ദ്രങ്ങള്‍ കുറ്റമറ്റതും ശാസ്ത്രീയവും മാലിന്യമുക്തവുമായിരിക്കണമെന്നും യു.എസ് ബാലന്‍ നിര്‍ദേശിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad