Type Here to Get Search Results !

Bottom Ad

ഫറ്റോര്‍ഡയില്‍ വീരന്‍മാരായി ബ്ലാസ്റ്റേഴ്‌സ്; ഗോവയെ 2-1ന് തകര്‍ത്തു


ഫറ്റോര്‍ഡ:(www.evisionnews.in) ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എഫ്‌സി ഗോവയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും വിജയവഴിയില്‍. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ബ്ലാസ്റ്റേഴ്‌സിനായി മലയാളി താരം മുഹമ്മദ് റാഫി (46), ബെല്‍ഫോര്‍ട്ട് (84) എന്നിവര്‍ ഗോളുകള്‍ നേടി. ഗോവയുടെ ആശ്വാസ ഗോള്‍ ബ്രസീലിയന്‍ താരം ജൂലിയോ സെസാര്‍ (24) നേടി. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം വിജയമാണിത്. എവേ മല്‍സരത്തിലെ ആദ്യ വിജയവും.

വിജയത്തോടെ ആറു കളികളില്‍ നിന്ന് എട്ടു പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തേക്കു കയറി. അത്രതന്നെ മല്‍സരങ്ങളില്‍നിന്ന് നാലു പോയിന്റുള്ള സീക്കോയുടെ എഫ്‌സി ഗോവ അവസാന സ്ഥാനത്തു തുടരുന്നു.

കഴിഞ്ഞ മല്‍സരത്തില്‍ പുണെയ്‌ക്കെതിരെ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ടീമിനെ ഇറക്കിയത്. എഫ്‌സി ഗോവ പരിശീലകന്‍ സീക്കോയും കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തി. മുഹമ്മദ് റാഫിയെ ഏക സ്‌ട്രൈക്കറാക്കി 4231 ശൈലിയിലാണ് ബ്ലാസ്റ്റേഴ്‌സ് മല്‍സരം തുടങ്ങിയത്. മുഹമ്മദ് റഫീഖ്, ബെല്‍ഫോര്‍ട്ട്, മൈക്കല്‍ ചോപ്ര എന്നിവര്‍ മുന്നേറ്റത്തെ സഹായിക്കാന്‍ റാഫിക്ക് പിന്നില്‍ അണി നിരന്നപ്പോള്‍ അസ്‌റാക്ക്, മെഹ്താബ് ഹുസൈന്‍ എന്നിവര്‍ പ്രതിരോധത്തിലേക്കുകൂടി ശ്രദ്ധ പതിപ്പിച്ചു. ഹോസു, ജിങ്കാന്‍, ഹ്യൂഗ്‌സ്, ഹെങ്ബാര്‍ത്ത് എന്നിവര്‍ പ്രതിരോധം കാത്തു.

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മുന്നേറ്റത്തോടെയായിരുന്നു മല്‍സരത്തിന്റെ തുടക്കം. മധ്യനിരയില്‍ നിറഞ്ഞു കളിച്ച ബെല്‍ഫോര്‍ട്ടിന്റെ മികവില്‍ ഗോള്‍ തേടി കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഗോവ ഗോള്‍മുഖം ആക്രമിച്ചു. 18ാം മിനിറ്റില്‍ അക്കൗണ്ട് തുറക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും ബെല്‍ഫോര്‍ട്ടിന് ലക്ഷ്യം കാണാനായില്ല.

എന്നാല്‍, കളിയുടെ ഗതിക്കെതിരെ മല്‍സരത്തിലെ ആദ്യ ഗോള്‍ നേടിയത് എഫ്‌സി ഗോവ. 24ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം ജൂലിയോ സെസാറാണ് അവരുടെ ആദ്യ ഗോള്‍ നേടിയത്. ഇടതുവിങ്ങില്‍നിന്നും പന്തുമായെത്തിയ റിച്ചാര്‍ലിസന്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്തേക്ക് പന്ത് ഉയര്‍ത്തി വിടുമ്പോള്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിലെ കരുത്തരെല്ലാം പോസ്റ്റിന് മുന്നില്‍ നില്‍ക്കെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സെസാര്‍ പന്ത് കുത്തി വലയിലിട്ടു. സ്‌കോര്‍ 10. ആദ്യപകുതിയില്‍ തിരിച്ചടിക്കാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമങ്ങളൊന്നും ലക്ഷ്യം കാണാതെ പോയതോടെ ഇതേ സ്‌കോറില്‍ ഇടവേള.

എന്നാല്‍, രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ വെടിപൊട്ടിച്ച് ബ്ലാസ്റ്റേഴ്‌സ് നയം വ്യക്തമാക്കി. മലയാളി താരം മുഹമ്മദ് റാഫിയായിരുന്നു സ്‌കോറര്‍. എന്നാല്‍ ഗോളിന്റെ മുഴുവന്‍ ക്രെഡിറ്റും മധ്യനിര താരം മെഹ്താബ് ഹുസൈന്. വലതുവിങ്ങില്‍നിന്നും പോസ്റ്റിന് സമാന്തരമായി മെഹ്താബ് ഹുസൈന്‍ നീട്ടിനല്‍കിയ പന്ത് തടയാന്‍ ഗോവ ഗോളിക്കായില്ല. തടയാനെത്തിയ രാജു ഗെയ്ക്കവാദിന്റെ കാലില്‍ത്തട്ടിയ പന്ത് റാഫിയുടെ നീട്ടിയുടെ കാലുകളില്‍ സ്പര്‍ശിച്ച് വലയിലേക്ക്. സ്‌കോര്‍ 11.

ബ്ലാസ്റ്റേഴ്‌സ് നിറഞ്ഞുനിന്ന നിമിഷങ്ങളായിരുന്നു പിന്നീട് കളത്തില്‍. ബെല്‍ഫോര്‍ട്ടും മൈക്കല്‍ ചോപ്രയുമെല്ലാം നിരന്തരം ഗോളവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. 61ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ടും 79ാം മിനിറ്റില്‍ മൈക്കല്‍ ചോപ്രയും മികച്ച രണ്ട് അവസരങ്ങള്‍ പാഴാക്കി. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ചോപ്ര തൊടുത്ത ഷോട്ട് പാഴായി. തൊട്ടുപിന്നാലെ പരുക്കേറ്റ ചോപ്ര കളം വിട്ടു. പകരമെത്തിയത് ഡക്കന്‍സ് നാസോണ്‍. ഇടയ്ക്ക് അസ്‌റാക്കിന് പകരം ബോറിസ് ക്ലാഡിയോയുമെത്തി.


84ാം മിനിറ്റില്‍ ഗോവയെ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്‌സ് രണ്ടാം വെടി പൊട്ടിച്ചു. ഏറെ അവസരങ്ങളൊരുക്കിയ ചിലത് പാഴാക്കിയും കളം നിറഞ്ഞ ബെല്‍ഫോര്‍ട്ടിന് ഇത്തവണ പിഴച്ചില്ല. ഹോസു പ്രീറ്റോയില്‍നിന്ന് ലഭിച്ച പന്തുമായി ബെല്‍ഫോര്‍ട്ടിന്റെ ചെറിയൊരു മുന്നേറ്റം. ബോക്‌സിന് തൊട്ടുവെളിയില്‍നിന്നും ബെല്‍ഫോര്‍ട്ട് തൊടുത്ത തകര്‍പ്പന്‍ ഷോട്ട് നേരെ ഗോവന്‍ വലയില്‍. ഗാലറിയിലെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ തുള്ളിച്ചാടി. സ്‌കോര്‍ 21.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad