Type Here to Get Search Results !

Bottom Ad

കാവി വഴിയില്‍ ഏഷ്യാനെറ്റ്: ടി.എന്‍.ജിക്ക് പകരക്കാരന്‍ ജന്മഭൂമി മുന്‍ എഡിറ്റര്‍, ചാനല്‍ മുതലാളിയുടെ ലക്ഷ്യം കേന്ദ്രമന്ത്രി സ്ഥാനമെന്നും ആരോപണം



കോഴിക്കോട് (www.evisionnews.in): മലയാളത്തിലെ ആദ്യ സ്വകാര്യ വാര്‍ത്താചാനലായ ഏഷ്യാനെറ്റ് ന്യൂസ് കമ്പനി കാവി വഴിയിലേക്കുള്ള യാത്ര ദ്രുതഗതിയിലാക്കിയതിന്റെ സൂചനകള്‍ ഒന്നൊന്നായി പുറത്തുവരുന്നതിനൊപ്പം നിലവില്‍ ചാനല്‍ തലപ്പത്തെ പലരുടെയും തലകള്‍ ഉരുളുമെന്നും ഈ ഗില്ലറ്റിനെ ചെറുക്കുന്നവര്‍ സ്വയം ഒഴിയുമെന്നും മാധ്യമ ലോകത്ത് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. ഏഷ്യാനെറ്റ് ചാനലിനെ ഒരു ജനപക്ഷ ചാനലാക്കി മാറ്റുന്നതില്‍ മുഖ്യപങ്ക് വഹിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ടി.എന്‍ ഗോപകുമാറിന്റെ പകരക്കാനായി ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയുടെ മുന്‍ എഡിറ്റര്‍ ഹരി എസ്. കര്‍ത്തയെ നിയമിക്കുമെന്നാണ് പ്രചാരണം. 

അതോടൊപ്പം കേന്ദ്രമന്ത്രി സഭയില്‍ ബര്‍ത്ത് തേടി ചാനലുടമയും ബി.ജെ.പിയുടെ രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖരും കരുനീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രി സഭയില്‍ ഇടംവേണമെങ്കില്‍ ചാനലിലെ ഇടതുപക്ഷക്കാരെ മുഴുവന്‍ പുറത്താക്കണമെന്നാണ് സംഘപരിവാറിന്റെ ആവശ്യമെന്ന് പ്രചരണമുണ്ട്. ഇതിന് ചാനല്‍ മുതലാളി നിന്നുകൊടുക്കുമെന്ന് തന്നെയാണ് ജീവനക്കാരും വിശ്വസിക്കുന്നത്. ഹരി എസ്. കര്‍ത്തയെ ഏഷ്യാനെറ്റില്‍ പ്രതിഷ്ടിക്കാനുള്ള ബി.ജെ.പി നീക്കങ്ങളെ ആര്‍എസ്എസ് എതിര്‍ക്കുന്നുണ്ട്. ആര്‍എസ്എസാണ് കര്‍ത്തയെ ജന്മഭൂമിയില്‍ നിന്ന് പുറത്താക്കിയത്. 

ടി.എന്‍.ജി മരിച്ചതിന് ശേഷം എം.ജി രാധാകൃഷ്ണനാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ അധിപന്‍. ഇദ്ദേഹം മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദപിള്ളയുടെ മകനും തിരുവനന്തപുരത്തെ സിപിഎം പ്രമുഖന്‍ മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടിയുടെ ഭാര്യയും പുതിയ പി.എസ്.സി അംഗവുമായ ആര്‍. പാര്‍വതി ദേവിയുടെ സഹോദരനുമാണ്. ഈ മാര്‍ക്സിസ്റ്റ് ബന്ധം ഏഷ്യാനെറ്റിന്റെ ബിജെപി വിരുദ്ധ വാര്‍ത്തകളില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് സംഘപരിവാറിന്റെ കുറ്റപ്പെടുത്തലുകള്‍. അതേസമയം, ഏഷ്യാനെറ്റിനെ സംഘ്പരിവാറിന്റെ ആലയില്‍ തളക്കുന്നതിനോട് ജീവനക്കാര്‍ ഭൂരിഭാഗവും എതിര്‍ക്കുന്നുണ്ട്. ചാനലുടമയുടെ എല്ലാ കാഴ്ചപ്പാടുകളോടും യോജിക്കുന്നവരെ മാത്രമേ ചാനലില്‍ നിലനിര്‍ത്താനും പുതുതായി നിയമിക്കാനും പാടുള്ളൂവെന്ന് കാണിച്ച് രാജീവ് ചന്ദ്രശേഖര്‍ ഇ മെയില്‍ സന്ദേശം നല്‍കിയത് വിവാദമായി കത്തിനില്‍ക്കുന്നതിനിടയിലാണ് ഏഷ്യാനെറ്റിനെ ചുറ്റിപ്പറ്റിയുള്ള പുതിയ വിവരങ്ങള്‍ മാധ്യമ ലോകത്ത് പ്രചരിക്കുന്നത്. 






                       


Tags

Post a Comment

0 Comments

Top Post Ad

Below Post Ad