Sunday, 21 August 2016

ആലപ്പുഴയിലെ റോഡില്‍ കല്ലട്ര കോണ്‍കോര്‍ഡ് കമ്പനിയുടെ തട്ടിപ്പ്; സോഷ്യല്‍ ഓഡിറ്റിംഗില്‍ ക്രമക്കേട് കണ്ടെത്തി; നഷ്ടം ഈടാക്കുമെന്ന് മന്ത്രി സുധാകരന്‍

ആലപ്പുഴ(www.evisionnews.in): ആലപ്പുഴ ജില്ലയിലെ ദേശീയപാതയുടെ നവീകരണം ഏറ്റെടുത്ത കാസര്‍കോട് മേല്‍പ്പറമ്പിലെ കോണ്‍കോര്‍ഡ് കമ്പനി നിര്‍മ്മാണ പ്രവൃത്തിയില്‍ കോടികളുടെ വെട്ടിപ്പ് നടത്തിയതായി പൊതുമരാമത്ത് വകുപ്പ് നടത്തിയ സോഷ്യല്‍ ഓഡിറ്റിങ്ങില്‍ കണ്ടെത്തി. സര്‍ക്കാര്‍ ഖജനാവ് വെട്ടിച്ച കോണ്‍കോര്‍ഡില്‍ നിന്നും നഷ്ടം ഈടാക്കുമെന്നും അല്ലെങ്കില്‍ അവരെ വെറുതെ വിടില്ലെന്നും പൊതുമരാമത്ത് വകുപ്പ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. കല്ലട്ര ഗ്രൂപ്പിന്റെ  സ്ഥാപനമാണ് കോണ്‍കോര്‍ഡ് കമ്പനി. 

സംസ്ഥാനത്തെ ദേശീയപാതകളില്‍ ഭൂരിഭാഗവും കാലാവധി തീരുന്നതിന് മുമ്പ് പൊട്ടിപ്പൊളിയുന്ന പരാതികള്‍ പുറത്തുവരുന്നതിനിടയിലാണ് വകുപ്പ് മന്ത്രിയുടെ ജില്ലയിലെ റോഡ് നിര്‍മ്മാണത്തിലെ അഴിമതിയുടെ പെരുമഴ കഥകള്‍ അധികൃതര്‍ ചികഞ്ഞെടുത്തത്. ആലപ്പുഴ ജില്ലയില്‍ മാത്രം കോണ്‍കോര്‍ഡ് എന്ന കമ്പനി നിര്‍മ്മിച്ച 40 കിലോമീറ്റര്‍ റോഡാണ് വെറും ഒന്നര വര്‍ഷം കൊണ്ട് ഗതാഗത യോഗ്യമല്ലാതായത്. എല്‍ ഡി എഫ് വരുന്നതിനു മുമ്പായിരുന്നു കോണ്‍കോര്‍ഡിന്റെ തരികിട ആലപ്പുഴയില്‍ അരങ്ങേറിയത്. മൂന്ന് വര്‍ഷമായിരുന്നു ആലപ്പുഴ കായംകുളം മുതല്‍ ചേര്‍ത്തല വരെയുള്ള ദേശീയ പാതയുടെ നിര്‍മ്മാണ കാലാവധി. ഇനിയും ഒരു വര്‍ഷം ഇതില്‍ ബാക്കിയുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ റോഡ് തകര്‍ന്ന് തരിപ്പണമായിക്കഴിഞ്ഞു. കോടികള്‍ മുടക്കിയ റോഡ് ഒന്നര വര്‍ഷം പോലും നിലനിന്നില്ലെന്നതാണ് വാസ്തവം. ആലപ്പുഴ ജില്ലയില്‍ 95 കിലോമീറ്ററാണ് ദേശീയ പാതയുടെ ആകെ നീളം. കാസര്‍കോട് ആസ്ഥാനമായുള്ള കോണ്‍കോര്‍ഡ്  കമ്പനിയാണ് 61.5 കിലോമീറ്ററും ടാര്‍ ചെയ്തത്. ഇതില്‍ 40 കിലോമീറ്ററും കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തകര്‍ന്നു.  പാതിരപ്പള്ളി മുതല്‍ പുറക്കാട് വരെയുള്ള 22 കിലോമീറ്റര്‍ റോഡ് 20 മാസം കൊണ്ട് തകര്‍ന്നു. ഹരിപ്പാട് മാധവ ജംഗ്ഷന്‍ മുതല്‍ കൃഷ്ണപുരം വരെയുള്ള 18 കിലോമീറ്റര്‍  28 മാസം കൊണ്ട് തകര്‍ന്നു. തകര്‍ന്ന ദേശീയപാതയുടെ കുഴിയടയ്ക്കല്‍ പണിയാണ് ഇപ്പോള്‍ നടക്കുന്നത്. 
ഇനി വീണ്ടും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം മുടക്കി ഇത് നന്നാക്കണം.
നിര്‍മ്മാണം നടത്തിയ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തിയോ എന്ന ചോദ്യത്തിന് അത് ഉന്നതങ്ങളില്‍ എടുക്കേണ്ട തീരുമാനമാണെന്നായിരുന്നു വിവരാവകാശ നിയമപ്രകാരം പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ നല്‍കിയത്. അധിക ഗതാഗതവും സമുദ്ര നിരപ്പിന് സമാന്തരമായി റോഡ് സ്ഥിതി ചെയ്യുന്നതും അഴുക്ക് ചാലുകളില്ലാത്തതുമാണ് റോഡ് തകരാന്‍ കാരണമായി കോണ്‍കോര്‍ഡ് കമ്പനി അധികൃതര്‍ പറയുന്നത്.

Keywords:Kerala-Alappuzha-Kallattra-Corncord-Potholed-Road

Related Posts

ആലപ്പുഴയിലെ റോഡില്‍ കല്ലട്ര കോണ്‍കോര്‍ഡ് കമ്പനിയുടെ തട്ടിപ്പ്; സോഷ്യല്‍ ഓഡിറ്റിംഗില്‍ ക്രമക്കേട് കണ്ടെത്തി; നഷ്ടം ഈടാക്കുമെന്ന് മന്ത്രി സുധാകരന്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.