Type Here to Get Search Results !

Bottom Ad

മുസ്ലിം യൂത്ത് ലീഗ് സെപ്തംബര്‍ ഒന്ന് വഞ്ചനാ ദിനമായി അചരിക്കും


കോഴിക്കോട് (www.evisionnews.in): ഇടതു സര്‍ക്കാരിന്റെ നൂറാം ദിനമായ സെപ്തംബര്‍ ഒന്നിന് യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി വഞ്ചനാ ദിനമായി അചരിക്കും. പഞ്ചായത്ത് തലത്തില്‍ സായാഹ്‌ന പ്രതിഷേധ ധര്‍ണ്ണകള്‍ സംഘടിപ്പിക്കാനും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. 

ഭരണത്തിലേറി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജനവിരുദ്ധ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തത്. ജനങ്ങള്‍ക്കും ജനാധിപത്യത്തിനും പുല്ലുവില പോലും കല്‍പിക്കുന്നില്ല. ജനങ്ങള്‍ നല്‍കിയ ഭൂരിപക്ഷം ഉപയോഗിച്ച് പാര്‍ട്ടി ഭരണം അടിച്ചേല്‍പ്പിക്കുകയാണ്. നിയമവും നീതിയും പാര്‍ട്ടിക്കാര്‍ക്ക് മാത്രം എന്ന പ്രതീതി ഇതിനകം തന്നെ സൃഷ്ടിച്ച് കഴിഞ്ഞു. കോടതി വെറുതെ വിട്ട അസ്‌ലമെന്ന ചെറുപ്പക്കാരനെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയതോടെ പിണറായി ഭരണത്തിന്‍ കീഴില്‍ പാര്‍ട്ടി കോടതിക്കാണ് പ്രാമുഖ്യമെന്ന് കൂടുതല്‍ വ്യക്തമായി. അസ്‌ലമിന്റെ കൊലയാളികളെ പിടികൂടുന്നതിനോ കൊലയെ അപലപിക്കുന്നതിനോ അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വരുന്നില്ല. എന്നാല്‍ പകരത്തിന് പകരം കൊലയെന്ന് നിയമസഭയില്‍ പ്രസ്താവിച്ച മുഖ്യമന്ത്രി പാര്‍ട്ടി നടത്തുന്ന കൊലപാതകങ്ങളെ ന്യായീകരിക്കുകയാണ്. പാടത്തെ പണിക്ക് വരമ്പത്ത് കൂലിയെന്ന കൊടിയേരിയന്‍ നീതിശാസ്ത്രം അണികള്‍ക്ക് അഴിഞ്ഞാടാനുള്ള പരസ്യമായ ആഹ്വാനമായിരുന്നു. 

മദ്യനിരോധനം അട്ടിമറിച്ച് വീണ്ടും ബാറുകള്‍ തുറക്കുന്നതിനുള്ള അണിയറ നീക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. നാല്‍പ്പത്തെട്ട് മണിക്കൂറിനകം പുറത്തിറങ്ങേണ്ട മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി. പത്രക്കാരോടുള്ള തന്റെ നീരസം മുഖ്യമന്ത്രി തുടരുന്നുവെന്ന് മാത്രമല്ല ക്യാബിനറ്റിന് ശേഷമുള്ള പതിവ് പത്രസമ്മേളനവും ഒഴിവാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള സഹായ വിതരണം നിലച്ചു. ആയിരക്കണക്കിന് അപേക്ഷകള്‍ തീര്‍പ്പാകാതെ കുന്നുകൂടി കിടക്കുന്നു. വി.എസ് അച്ചുതാനന്ദന് വേണ്ടി രൂപീകരിച്ച ഭരണപരിഷ്‌കാര കമ്മീഷന്‍ വഴി പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുകയാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാടുകള്‍ അട്ടിമറിക്കപ്പെട്ടു. 

ജനജീവിതം ദുരിതത്തിലാക്കിക്കൊണ്ടിരിക്കുന്ന ഇടത് ദുര്‍ഭരണത്തിനെതിരെ ശക്തമായ മുന്നറിയിപ്പായിട്ടാണ് സെപ്തംബര്‍ ഒന്നിന് വഞ്ചനാ ദിനം ആചരിക്കുന്നതെന്ന് സെക്രട്ടറിയേറ്റ് യോഗം കൂട്ടിച്ചേര്‍ത്തു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം സാദിഖലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ സ്വാഗതം പറഞ്ഞു. കെ.എം. അബ്ദുല്‍ ഗഫൂര്‍, കെ.പി. താഹിര്‍, സി.പി.എ അസീസ്, പി.എ. അഹമ്മദ് കബീര്‍, സി.എച്ച്. ഇഖ്ബാല്‍, പി.കെ ഫിറോസ്, കെ.ടി അബ്ദുല്‍ റഹിമാന്‍, അഷറഫ് മടാന്‍ പ്രസംഗിച്ചു. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad