Type Here to Get Search Results !

Bottom Ad

ജെ.സി.ഐ.യുടെ മേഖലാതല 'സമാധാനം സാധ്യമാണ് ' സന്ദേശറാലിക്ക് 13ന് കാസര്‍കോട്ട് തുടക്കം



കാസര്‍കോട്:(www.evisionnews.in) സ്നേഹവും സമാധാനവും കാരുണ്യവും കൈമോശം വരാതെ സൂക്ഷിക്കണമെന്ന് വിളംബരം ചെയ്ത് ജെ.സി.ഐ മേഖലാ തലത്തില്‍ സംഘടിപ്പിക്കുന്ന 'സമാധാനം സാധ്യമാണ്' ത്രിദിന സന്ദേശ ബൈക്ക് റാലി 13 മുതല്‍ 15 വരെ നടക്കും. 13ന് രാവിലെ 8 മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് ഫ്ളാഗ് ഓഫ് ചെയ്യും. റാലിയുടെ ഉദ്ഘാടനം രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലൂടെ പര്യടനം നടത്തി 15ന് വയനാട്ടില്‍ സമാപിക്കും. മേഖലാ പ്രസി. ടി.എം അബ്ദുല്‍മഹ്റൂഫാണ് ജാഥാ ക്യാപ്റ്റന്‍. പ്രൊഫഷണല്‍ റാലി ഗ്രൂപ്പായ കെ.എല്‍. 14 അംഗങ്ങളുടെ സഹകരണത്തോടെയാണ് റാലി നടത്തുന്നത്. കെ.എല്‍.14 അംഗങ്ങള്‍ വയനാട് വരെ റാലിയെ അനുഗമിക്കും. വിവിധ കേന്ദ്രങ്ങളില്‍ റാലിക്ക് സ്വീകരണം ഒരുക്കും. പൊതുജനങ്ങള്‍ക്കായി ലഘുലേഖ വിതരണം, ചിത്രരചനാ മത്സരങ്ങള്‍, തെരുവ് നാടകങ്ങള്‍, ബോധവല്‍ക്കരണം എന്നിവ സംഘടിപ്പിക്കും. 

കാസര്‍കോട് നടക്കുന്ന ഫ്ളാഗ് ഓഫ് ചടങ്ങില്‍ ജെ.സി.ഐ കാസര്‍കോട് പ്രസി. മുജീബ് അഹ്മദ് അധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജെ.സി.ഐ കാഞ്ഞങ്ങാട് പ്രസി. പി.കെ പ്രകാശന്‍ അധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ വി.വി രമേശന്‍ മുഖ്യാതിഥിയായിരിക്കും. സി.കെ സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖര്‍ സംബന്ധിക്കും. ആദ്യ ദിവസം റാലി കാസര്‍കോട്ട് ആരംഭിച്ച് കാഞ്ഞങ്ങാട്, ചുള്ളിക്കര, നീലേശ്വരം, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ചെറുപുഴയില്‍ സമാപിക്കും. രണ്ടാം ദിവസം പെരുമ്പടവില്‍ തുടങ്ങി കരുവഞ്ചാല്‍, ചെമ്പേരി, ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി, പാനൂര്‍, ചെറുവാഞ്ചേരി എന്നിവിടങ്ങളില്‍ ക്യാമ്പ് ചെയ്ത് കൂത്തുപറമ്പില്‍ അവസാനിക്കും. മൂന്നാം ദിവസം മട്ടന്നൂരില്‍ തുടങ്ങി ഇരിട്ടി, മാനന്തവാടി, പുല്‍പള്ളി, സുല്‍ത്താന്‍ ബത്തേരി, മീനങ്ങാടി എന്നിവിടങ്ങളില്‍ ക്യാമ്പ് ചെയ്ത് കല്‍പറ്റയില്‍ സമാപിക്കും. രാകേഷ് കരുണനാണ് റാലി കോര്‍ഡിനേറ്റര്‍.

keywords : kasragod-jci-bike-rally

Post a Comment

0 Comments

Top Post Ad

Below Post Ad